തിരുവനന്തപുരം: തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സംരക്ഷണത്തിന് സർക്കാർ കൊണ്ടുവരുന്ന പാക്കേജുകളും നടപടികളും കണ്ണിൽപ്പൊടിയിടൽ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തീരഭൂസംരക്ഷണ വേദിയുടെ നേതൃത്വത്തിൽ 'ആവർത്തിക്കുന്ന കപ്പൽ ദുരന്തങ്ങളും തീരദേശ സമൂഹത്തിന്റെ ഭാവിയും" എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലപ്പൊഴിയിലെ മണ്ണുനീക്കി, അപകട സാദ്ധ്യത ഒഴിവാക്കാൻ നടപടിയില്ല. മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമായ മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കുന്നില്ല. കപ്പൽ ദുരന്തത്തെ തുടർന്നുണ്ടായ വറുതിക്ക് സമാശ്വാസ നടപടിയുണ്ടായിട്ടില്ല. കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്നറുകൾ അടിയന്തരമായി നീക്കണമെന്നും അന്തർദേശീയ മാനദണ്ഡ പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീരഭൂസംരക്ഷണ സമിതി സംസ്ഥാന ചെയർപേഴ്സൺ മാഗ്ളിൻ ഫിലോമിന അദ്ധ്യക്ഷത വഹിച്ചു. സമുദ്റ ഗവേഷണ ശാസ്ത്രജ്ഞ ഡോ. സുവർണ ദേവി വിഷയം അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് ഗീത സുരേഷ്, ജനറൽ സെക്രട്ടറി വില്യം ലാൻസി, സംസ്ഥാന എക്സിക്യുട്ടിവ് അംഗം തെൽഹത്ത് വെള്ളയിൽ, സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഹെൻട്രി വിൻസെന്റ്, ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് ആൽബർട്ട്, സുനിതാ യേശുദാസ്, എൽസി ഗോമസ്, മേഴ്സി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |