കൊല്ലം: ഷാർജയിലെ ഫ്ലാറ്റ് മുറിയിൽ അമ്മ വിപഞ്ചികയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നേകാൽ വയസുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കും. വിപഞ്ചികയുടെ അമ്മ ഷൈലജ, ഭർത്താവ് നിതീഷ് എന്നിവരുമായി ദുബായ് കോൺസുലേറ്റ് ഇന്നലെ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് പിന്നാലെ നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായി.
വൈഭവിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കണമെന്ന ആവശ്യത്തിലായിരുന്നു വിപഞ്ചികയുടെ കുടുംബം. വിപഞ്ചികയുടെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട് തനിക്ക് നാട്ടിലേക്ക് വരുന്നതിന് വിലക്കുള്ളതിനാൽ ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന നിലപാടിലായിരുന്നു പിതാവ് നിതീഷ്. ഇതുപ്രകാരം ചൊവ്വാഴ്ച നിതീഷിന്റെ കുടുംബം വൈഭവിയുടെ മൃതദേഹം സംസ്കാരത്തിനായി ഷാർജയിലെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ സ്ഥലത്തെത്തിയ വിപഞ്ചികയുടെ അമ്മ ദുബായ് കോൺസുലേറ്റുമായി ചർച്ച നടത്തി. ഇതോടെ കോൺസുലേറ്റ് സംസ്കാരം മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചു. ഇന്നലെ നടന്ന തുടർ ചർച്ചയിൽ ഷാർജ നിയമപ്രകാരം പിതാവിന്റെ ആവശ്യം കോൺസുലേറ്റ് അംഗീകരിക്കുകയായിരുന്നു. വിപഞ്ചികയുടെ മാതാവ് അടക്കമുള്ള ബന്ധുക്കളെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിക്കാനും നിർദ്ദേശം നൽകി. സംസ്കാരം ഇന്ന് നടന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |