കമിതാക്കൾ ബീച്ചിലും പാർക്കിലുമൊക്കെ പോകുന്നതും, തൊട്ടുരുമ്മിയിരിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ സൂക്ഷിക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചേക്കാം. അത്തരമൊരു സംഭവമാണ് മഹാരാഷ്ട്രയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
മുംബയിലെ മാഹിമിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ബീച്ചുകളിൽ കമിതാക്കൾ സ്‌നേഹപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലെ ഒരു പേജിലാണ് ഇത്തരം വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. ഈ പേജിന് രണ്ടായിരത്തിലധികം ഫോളോവേഴ്സുമുണ്ട്.
കമിതാക്കളുടെ സ്വകാര്യ വീഡിയോകൾ പ്രത്യക്ഷപ്പെട്ടതോടെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അനുവാദമില്ലാതെ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
'ആളുകളുടെ സ്വകാര്യ നിമിഷങ്ങൾ അനുവാദമില്ലാതെ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കിടുന്നതും അധാർമ്മികവും അസ്വീകാര്യവുമാണ്.'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ട് ആരുടേതാണെന്ന് വ്യക്തമല്ല.
നിരവധി പേർ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് റിപ്പോർട്ട് അടിച്ചിട്ടുണ്ട്. പേജിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. പണം സമ്പാദിക്കാനും ഫോളോവേഴ്‌സിനെ കൂട്ടാനുമാണ് ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് കൂടുതൽ പേരും പറയുന്നത്.
ഒന്നോ രണ്ടോ കമിതാക്കളുടെ സ്വകാര്യതയല്ല നഷ്ടമായിരിക്കുന്നത്. കമിതാക്കളെ തേടിപ്പിടിച്ച് വീഡിയോയെടുക്കുകയാണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നവർ ചെയ്‌തിരിക്കുന്നത്. മുംബയിലെ മാഹിമിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ പോകുന്നവർ സ്നേഹപ്രകടനം നടത്തുമ്പോൾ സൂക്ഷിക്കണമെന്നും ചിലർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |