ന്യൂഡൽഹി : യെമൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കേസ് സെൻസിറ്റീവ് വിഷയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് നിയമ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായി കോൺസുലാർ സന്ദർശനങ്ങൾ ക്രമീകരിക്കുകയും പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ജയ്സ്വാൾ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതോടെ ചർച്ചകൾക്ക് കൂടുതൽ അവസരം ലഭിച്ചു. വിദേശരാജ്യങ്ങൾ വഴി സമ്മർദ്ദം ഉൾപ്പെടെ ചെലുത്തി വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബുബക്കർ മുസലിയാരുടെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയ്‌സ്വാൾ പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ നിങ്ങൾ പറഞ്ഞ വ്യക്തിയുടെ ഇടപെടലിനെ കുറിച്ച് പങ്കിടാൻ തന്റെ കൈയിൽ വിവരങ്ങളില്ലെന്നായിരുന്നു ജയ്‌സ്വാൾ വ്യക്തമാക്കിയത്.
സുഹൃത്തും യെമനി മുസ്ലിങ്ങൾക്കിടയിൽ വലിയ സ്വാധിനമുള്ള പ്രശസ്ത സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീൾ വഴി കാന്തപുരം നടത്തിയ ഇടപെടലാണ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിന് പിന്നിൽ എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |