കോഴിക്കോട്: പ്രമുഖ ആർക്കിടെക്ട് ആർ.കെ. രമേശ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാനാഞ്ചിറ സ്‌ക്വയറും തുഞ്ചൻ സ്മാരകവും സരോവരം പാർക്കുമുൾപ്പെടെ കേരളത്തിൽ വിവിധയിടങ്ങളിലായി പല പ്രധാന സ്ഥാപനങ്ങളും രൂപകല്പന ചെയ്തിട്ടുണ്ട്.
ഷെൽട്ടർ - ഗൈഡൻസ് സെന്റർ ഫോർ കോസ്റ്റ് എഫക്റ്റീവ് സിസ്റ്റംസ് ഒഫ് കൺസ്ട്രക്ഷൻ ഫോർ അഫോർഡബിൾ ഹൗസിംഗിന്റെ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. 'ഭവനം" ചാരിറ്റബിൾ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
1989ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ടിന്റെ ആദ്യത്തെ ദേശീയ വാസ്‌തുവിദ്യാ പുരസ്‌കാരം നേടി. 2010ൽ നിർമാൺ പ്രതിഭ പുരസ്കാരം ലഭിച്ചു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സിന്റെ ചെലവ് കുറഞ്ഞ വീടുകളുടെ മികവിനുള്ള അവാർഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സിന്റെ ദക്ഷിണ മേഖലാസമ്മേളനത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. കേരള ലളിത കലാ അക്കാഡമിയിലും കേരള സാഹിത്യ അക്കാഡമിയിലും അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു.
ആലപ്പുഴ, ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ്. കേരള സർവകലാശാലയിൽ നിന്ന് ആർകിടെക്ചറിൽ ബിരുദം നേടിയ ശേഷം ജോലിക്കായാണ് കോഴിക്കോട്ടെത്തിയത്. 55 വർഷമായി കോഴിക്കോടാണ് പ്രവർത്തനമണ്ഡലം. കോഴിക്കോട് ബീച്ചിന് സമീപം ജയന്തി നഗർ ഹൗസിംഗ് കോളനിയിലാണ് താമസം. മാതാപിതാക്കൾ: പരേതരായ ആർ. കരുണാകരൻ, കമലാഭായി. ഭാര്യ: ഗീത എം.പി. സഹോദരങ്ങൾ: സതീശൻ, പരേതനായ സുന്ദരേശൻ. സംസ്കാരം ഇന്ന് രാവിലെ 11.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |