ഈ വര്‍ഷം ആദ്യം ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില വെറും 200 രൂപയില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വില സര്‍വകാല റെക്കോഡിലെത്തി നില്‍ക്കുന്നു. ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ വാങ്ങാന്‍ 529 രൂപയാണ് നല്‍കേണ്ടത്. മറ്റ് ബ്രാന്‍ഡുകളുടെ വില 500ന് തൊട്ടടുത്ത് എത്തി 480ല്‍ നില്‍ക്കുകയാണ്. ആറ് മാസത്തിനിടെ മൊത്തം വില ഇരട്ടിയില്‍ അധികം വര്‍ദ്ധിച്ചിട്ടുണ്ട്. മലയാളികള്‍ ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വെളിച്ചെണ്ണയുടെ വില ഇനിയും ഉയരുമോയെന്നതാണ് പ്രധാന ആശങ്ക.
പൊടുന്നനെ വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ തീപിടിച്ചത് പോലെ വില ഉയരുന്നത് നിരവധി സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. എന്നാല്‍ എന്താണ് വെളിച്ചെണ്ണയ്ക്ക് വില കൂടാന്‍ കാരണം? കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ നാളികേരത്തിന്റെ ഇറക്കുമതിയിലെ ഇടിവും വെളിച്ചെണ്ണ വില വര്‍ദ്ധിക്കാനുള്ള കാരണമാണ്. ഈ വര്‍ഷം തുടക്കത്തില്‍ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില. എന്നാല്‍ നിലവില്‍ കിലോയ്ക്ക് വില 100 രൂപയോട് അടുക്കുകയാണ്.
വില വര്‍ദ്ധനവ് കുടുംബ ബഡ്ജറ്റിനേയും ഹോട്ടല്‍ വ്യവസായത്തേയും താളം തെറ്റിക്കുന്നുണ്ട്. വെളിച്ചണ്ണയ്ക്ക് വില കുതിക്കുന്നതിനാല്‍ പല ഹോട്ടലുകളും പാമോയില്‍ ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. വില വര്‍ദ്ധിച്ചതോടെ മാര്‍ക്കറ്റില്‍ വ്യാജ വെളിച്ചണ്ണയും കടന്നുകൂടിയിട്ടുണ്ട്. ഇത് തടയാന്‍ പരിശോധന വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഗുണനിലവാരമില്ലാത്ത വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ഉണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |