വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി ചുവപ്പന്‍ ഞണ്ടുകള്‍ (തക്കാളി ഞണ്ടുകള്‍). ചുവന്ന നിറമുള്ളതിനാണ് ഇവയെ തക്കാളി ഞണ്ടുകള്‍ എന്നു വിളിക്കുന്നത്.കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ 40ഓളം വള്ളങ്ങളിലെ മത്സ്യങ്ങളെയാണ് തക്കാളി ഞണ്ടുകള്‍ കടിച്ച് കേടാക്കിയത്. ഇതിനൊപ്പം വലകളും കടിച്ചു മുറിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഇന്നലെ ചെറു ചൂര മത്സ്യത്തിനായി വല വിരിച്ചവര്‍ക്കാണ് ഞണ്ട് ഭീഷണിയായത്. ഞണ്ട് കടിച്ച് കേടുവന്ന മത്സ്യങ്ങള്‍ കച്ചവടക്കാര്‍ എടുക്കാതെ വന്നതോടെ വിലയിടിഞ്ഞു. ഈ മീനുകള്‍ കുറഞ്ഞ വിലയ്ക്ക് തീരത്ത് എത്തിയവര്‍ വാങ്ങുകയായിരുന്നു.
മത്സ്യബന്ധന സീസണായതിനാല്‍ തന്നെ തമിഴ്‌നാടുള്‍പ്പെടെയുള്ള സ്ഥലത്തെ തൊഴിലാളികള്‍ ഇവിടെ നിന്നാണ് മത്സ്യബന്ധനത്തിന് പോകുന്നത്.സാധാരണ കടലില്‍ പാറകളില്‍ പറ്റിപ്പിടിച്ച് കാണുന്ന ചുവപ്പന്‍ ഞണ്ടുകള്‍ കടലിന്റെ ഒഴുക്കനുസരിച്ച് കൂട്ടത്തോടെ സഞ്ചരിക്കുമ്പോഴാണ് വലയില്‍ കുടുങ്ങുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇതിനോടൊപ്പം കയറുന്ന മത്സ്യങ്ങളെ ഞണ്ടുകള്‍ ഭക്ഷിക്കാറുണ്ട്.ചെറിയ കണ്ണികളുള്ള വലയില്‍ പറ്റിപ്പിടിച്ചാല്‍ ഇവ നീക്കംചെയ്യാന്‍ മണികൂറുകള്‍ വേണ്ടിവരും. വലയ്ക്ക് കേടുപാടുകളും ഉണ്ടാകും. ഈ ഞണ്ടുകള്‍ക്ക് രുചിയില്ലാത്തതും മാംസം വളരെ കുറവായതിനാലും ആരും ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |