ന്യൂഡൽഹി: നഗരത്തിലെ 20ലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണിസന്ദേശം എത്തിയതായി റിപ്പോർട്ട്. ഡൽഹിയിലാണ് സംഭവം. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഭീഷണിയെത്തുടർന്ന് അഗ്നിരക്ഷാസേനയും ഡൽഹി പൊലീസും അതാത് സ്‌കൂളുകളിലെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. അഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്. എന്നാൽ ഇതുവരെ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യതലസ്ഥാനത്ത് പത്ത് സ‌്കൂളുകൾക്കും ഒരു കോളേജിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 20ലധികം സ്‌കൂളുകൾക്ക് നേരെയും ഭീഷണിയുയർന്നത്. അതേസമയം,ബംഗളൂരുവിലെ 50സ്‌കൂളുകളിലും സമാന രീതിയിൽ ഭീഷണി സന്ദേശമെത്തിയതായി വിവരമുണ്ട്.
'ഹലോ, സ്‌കൂൾ ക്ളാസ് മുറികളിൽ അനേകം സ്‌ഫോടക വസ്തുക്കൾ ഞാൻ വച്ചിട്ടുണ്ട് എന്നറിയിക്കാനാണ് ഈ കത്തെഴുതുന്നത്. കറുത്ത പ്ളാസ്റ്റിക് ബാഗുകളിലായി ഇത് വിദഗ്ദ്ധമായി മറച്ചുവച്ചിട്ടുണ്ട്. ഞാൻ നിങ്ങളെ ഓരോരുത്തരെയായി ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും. ഒരാളും രക്ഷപ്പെടില്ല. തങ്ങളുടെ മക്കളുടെ മൃതദേഹങ്ങൾ കണ്ട് മാതാപിതാക്കൾ പൊട്ടിക്കരയുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കും.
നിങ്ങളെല്ലാവരും നരകിക്കണം. ഞാൻ എന്റെ ജീവിതത്തെ അങ്ങേയറ്റം വെറുക്കുന്നു. വാർത്ത പുറത്തുവന്നതിനുശേഷം ഞാൻ കഴുത്തും കൈ ഞരമ്പുകളും മുറിച്ച് ജീവനൊടുക്കും. എന്നെ ആരും സഹായിച്ചില്ല. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ ആരും സഹായിച്ചില്ല, സഹായിക്കുകയുമില്ല. എന്തുചെയ്യണമെന്നറിയാതെ ഇരിക്കുന്നവരെ മാത്രമേ നിങ്ങൾ സഹായിക്കുകയുള്ളൂ. അത്തരം മരുന്നുകൾ നിങ്ങളുടെ അവയവങ്ങളെ നശിപ്പിക്കുമെന്ന് സൈക്യാട്രിസ്റ്റുകൾ പറഞ്ഞുതരില്ല. അവർ അമിതഭാരത്തിനിടയാക്കുമെന്നും പറഞ്ഞുതരില്ല. സൈക്യാട്രിക് മരുന്നുകൾ സഹായിക്കുമെന്ന് നിങ്ങൾ ആളുകളെ വിശ്വസിപ്പിക്കും. എന്നാലവ സഹായിക്കില്ല. ഞാനതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. നിങ്ങൾ എല്ലാവരും ഇത് അർഹിക്കുന്നു. എന്നെപ്പോലെ നിങ്ങളും നരകിക്കണം'- എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |