തിരുവനന്തപുരം: തേവലക്കര സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസും നൽകി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
മന്ത്രി ശിവൻകുട്ടി പറഞ്ഞത്:
'ഇന്നലെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ഞാനാ കുട്ടിയെ കണ്ടു. ഒരു കുഞ്ഞ് ഉറങ്ങിക്കിടക്കുകയാണ്. അങ്ങനെയെ നമുക്ക് കാണാൻ പറ്റൂ. ആ സ്‌കൂളിൽ കുട്ടികൾക്കായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇന്നലെ സംഭവിച്ചതുപോലുള്ള ഗുരുതരമായ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. വിദ്യാഭ്യാസ ഡയറക്‌ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തു.
സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന എഇഒയിൽ നിന്നും ഉടൻ വിശദീകരണം തേടും. സ്‌കൂൾ തുറക്കുന്ന സമയത്ത് കൊല്ലത്തെ ഡിഇഒ പെൻഷനായിരുന്നു അതിനാൽ അധികചുമതല ഉണ്ടായിരുന്നത് കൊല്ലം എഇഒ ആന്റണി പീറ്ററിനായിരുന്നു. അതിനാൽ, ആന്റണി പീറ്ററിനോടാകും വിശദീകരണം തേടുക. നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിശദീകരണം ആവശ്യമാണ്.
സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണം. അത് മാനേജ്‌മെന്റാണ് ചെയ്യേണ്ടത്. അവർ ചെയ്‌തില്ലെങ്കിൽ സർക്കാർ ചെയ്യും. ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനേക്കാൾ വലുതല്ല. കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം മാനേജ്‌മെന്റ് അടിയന്തരമായി പരിഗണിക്കണം. സ്വന്തമായി വീടില്ല. ഒരു സെന്റ് സ്ഥലമേയുള്ളു അവർക്ക്. സ്‌കൂൾ മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കാൻ സർക്കാരിന് അവകാശമുണ്ട്.
മിഥുന്റെ കുടുംബത്തിന് വീടുവച്ച് നൽകും. ഒപ്പം സഹോദരന്റെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന് പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഒഴിവാക്കിക്കൊടുക്കും. ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ എത്രയും വേഗം നൽകും. മുഖ്യമന്ത്രി ഡൽഹിയിലാണ്, അദ്ദേഹം നാട്ടിലെത്തിയ ശേഷം കൂടുതൽ ധനസഹായം നൽകുന്നകാര്യം പരിഗണിക്കും. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കാൻ ആ വകുപ്പിന്റെ മന്ത്രിയെ അറിയിക്കുന്നതാണ്.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |