SignIn
Kerala Kaumudi Online
Monday, 21 July 2025 4.05 AM IST

'ഹോ ഒപോനോപോനോ' വാക്കുകൾ ഇത്ര പവർഫുൾ ആണോ!

Increase Font Size Decrease Font Size Print Page
sd

വാക്കാണ് സത്യം. സത്യമാണ് ഗുരു. ഗുരുവാണ് ദൈവം- 1997-ൽ പുറത്തിറങ്ങിയ 'ഗുരു" എന്ന മലയാളചിത്രത്തിലെ ഈ വരികൾക്ക്, നൂറ്റാണ്ടുകൾക്ക് മുമ്പ് ചൊല്ലിയിരുന്ന ഒരു ഹവായിയൻ പ്രാർത്ഥനയുമായി വിദൂരമല്ലാത്ത ബന്ധമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?ഒരൊറ്റ വാക്കുകൊണ്ട് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചവർ, തെറ്റിപ്പിരിഞ്ഞവർ, പ്രണയിച്ചവർ, വഞ്ചിക്കപ്പെട്ടവർ, വീണ്ടും ഒന്നിച്ചവർ...വാക്കിന്റെ ശക്തി നിസാരമല്ലെന്ന് ചരിത്രം തെളിയിച്ച എത്രയെത്ര മുഹൂർത്തങ്ങൾ!

പണ്ടേക്കുപണ്ടേ ഇത് തിരിച്ചറിഞ്ഞാവണം പസഫിക്ക് സമുദ്രത്തിലെ ഹവായി എന്ന ദ്വീപിലെ മനുഷ്യർ രഹസ്യമായി ഒരു പ്രത്യേകതരം പ്രാർത്ഥനയ്ക്ക് രൂപം നൽകിയത്. കാല,​ ദേശ,​ ഭാഷാന്തരങ്ങൾ താണ്ടിയ ആ പ്രാർത്ഥന ഇന്ന് സമൂഹമാദ്ധ്യമത്തിൽ ന്യൂജെൻ കുട്ടികളടക്കം ഏറ്റെടുക്കുന്നു. 'ഹോ ഒപോനോപോനോ" (Ho oponopono)-എന്ന ആശയം 'സിംപിളും പവർഫുളും" ആണെന്ന അനുഭവസാക്ഷ്യങ്ങൾ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ചർച്ച ചെയ്യപ്പെടുന്നു.

ആ നാല് വാക്യം

'ഐ ആം സോറി, പ്ലീസ് ഫൊർഗീവ് മീ, താങ്ക്യു, ഐ ലവ് യൂ..." അഥവാ 'ക്ഷമിക്കണം, പൊറുക്കണം,​ നന്ദി, ഞാൻ നിന്നെ സ്നേഹിക്കുന്നു..." (ഹവായിയൻ ഭാഷയിൽ E kala mai iaʻu, e kala mai iaʻu, mahalo, aloha wau iā ʻoe). ഈ നാല് വാക്യങ്ങൾ മാത്രമാണ് 'ഹോ ഒപോനോപോനോ"യിൽ ഉള്ളത്. 'കാര്യങ്ങൾ ശരിയാക്കുക,​ അല്ലെങ്കിൽ സന്തുലിതാവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരിക" എന്നതാണ് 'ഹോ ഒപോനോപോനോ" എന്ന പ്രയോഗത്തിന്റെ ഉള്ളടക്കം. ഒരാൾ ചെയ്യുന്ന തെറ്റുകൾ അടുത്ത തലമുറയെ ബാധിക്കുമെന്ന വിശ്വാസത്തിൽ നിന്നാണ് ഈ പ്രാർത്ഥനയുടെ ഉത്ഭവം.

തെറ്റുകൾ ചെയ്തവർക്കും മനസിൽ ദുഃഖവും ദേഷ്യവും ഉണങ്ങാതെ കിടക്കുന്നവർക്കും പുതുതായി എന്തെങ്കിലും ചെയ്യുമ്പോൾ തടസങ്ങൾ ഉണ്ടാകുമെന്ന് ഹവായിയൻ ജനത കരുതിപ്പോന്നു. ഈ വാക്യങ്ങൾ ആവർത്തിച്ച് പറയുന്നതിലൂടെ സ്വന്തം പ്രശ്നങ്ങളും അയാളുമായി ബന്ധപ്പെട്ടവരുടെ തെറ്റുകളും ഇല്ലാതാകുമത്രേ. തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പശ്ചാത്തപിക്കുന്നതിലൂടെ കുടുംബബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കാനായിരുന്നു ആദ്യകാലത്ത് ഇത് ചൊല്ലിയിരുന്നത്. സെൽഫ് ലൗ അല്ലെങ്കിൽ അവനവനെ സ്നേഹിക്കുക എന്ന സന്ദേശവും 'ഹോ ഒപോനോപോനോ" നൽകുന്നു.

എങ്ങനെ ചൊല്ലും?

അമ്പലത്തിലോ പള്ളിയിലോ പോകേണ്ട. കുളിച്ച് ശുദ്ധമാകണമെന്ന് നിർബന്ധമില്ല. ചൊല്ലാൻ കൃത്യമായ സമയമില്ല. 'ഹോ ഒപോനോപോനോ" ആർക്കും ഏതുസമയത്തും പറയാമെന്ന് ലൈഫ് കോച്ചുകൾ പറയുന്നു. ഉണരുമ്പോഴും ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്ന സമയത്തും ഉപബോധമനസ് ശക്തമായി പ്രവർത്തിക്കും. ഈ സമയങ്ങളിൽ ചൊല്ലുന്നത് ഫലപ്രദമായിരിക്കും. അതും ഒരു വട്ടമല്ല. മനസ് ഏകാഗ്രമാക്കി പലവട്ടം പറയണം.

ഉദാഹരണത്തിന്,​ പണത്തിന്വു വേണ്ടി കഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ താൻ ഇത്രയും കാലം പണം ദുർവിനിയോഗം ചെയ്തതിന് ക്ഷമ ചോദിക്കണം. ജീവിതത്തിൽ ആവശ്യമുള്ളപ്പോഴെല്ലാം അത്ഭുതകരമായി കൈവന്ന പണത്തിന് നന്ദി പറയണം. വിവാഹം, ജോലി, വീട് എന്നിവയ്ക്കു മുതൽ സുഹൃത്തുക്കളുമായുള്ള സൗന്ദര്യപ്പിണക്കങ്ങൾ തീർക്കാൻ വരെ 'ഹോ ഒപോനോപോനോ" പ്രയോഗിക്കാമെന്ന് ചിലർ പറയുന്നു. ഫോൺ കേടായപ്പോൾ സ്ക്രീനിൽ നോക്കി 'ഹോ ഒപോനോപോനോ" പറഞ്ഞ് ഫലം കിട്ടിയെന്ന് അവകാശപ്പെടുന്നവർ വരെയുണ്ട്!

'ജീവിതത്തിൽ ഏറ്റവും തളർന്നുപോയ ദിവസങ്ങളായിരുന്നു അത്. നട്ടെല്ലിന് സുഖമില്ലാതെയുള്ള ആശുപത്രിവാസം മാനസികമായും എന്നെ തളർത്തിയിരുന്നു. 'ഹോ ഒപോനോപോനോ"യെകുറിച്ച് കേൾക്കുന്നത് അന്നാണ്. നട്ടെല്ലിന്റെ ഒരു ഫോട്ടോ ഇന്റർനെറ്റിൽ നിന്നെടുത്ത് അതിനോട് ഞാൻ 'ഹോ ഒപോനോപോനോ" ചൊല്ലി. ആരോഗ്യത്തോടെ ആശുപത്രിയുടെ പടിക്കെട്ടുകൾ ഇറങ്ങുന്നത് സന്തോഷത്തോടെ ഓർത്തു... പിന്നീട് അങ്ങനെതന്നെ സംഭവിച്ചു..." യൂ ട്യൂബിൽ ഒരുലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു ലൈഫ്കോച്ചിന്റെ വാക്കുകളാണിത്. 1-ഡേ മുതൽ 21-ഡേ വരെ " ചൊല്ലുന്ന ചലഞ്ചുകളും യൂട്യൂബിലുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഇത്തരം വീഡിയോകൾ കാണുന്നത്.

വിശ്വാസവും മനസും

'ഹോ ഒപോനോപോനോ", ലാ ഒഫ് അട്രാക്ഷൻ തുടങ്ങിയ ആശയങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ആരോപിക്കുന്നവരുണ്ട്. പരീക്ഷയ്ക്ക് പഠിക്കാതെയും അസുഖത്തിന് മരുന്നു കഴിക്കാതെയും ജോലിക്കായി പരിശ്രമിക്കാതെയും ഇത്തരം പ്രാർത്ഥനകളെ മാത്രം ആശ്രയിക്കുന്നതിലും അർത്ഥമില്ല. എല്ലാത്തിലുമുപരി വചനങ്ങളും അതിന്റെ ഫലവും,​ പ്രയത്നത്തിന്റെയും ഇച്ഛാശക്തിയുടെയും ആകെത്തുകയാണ്; ഉപബോധമനസിന്റെ ശക്തിയും.

'ഞാൻ ഒരു വിഡ്ഢിയാണ്. എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല..." എന്ന് സ്വയം വിലകുറച്ചു കാണുന്നവരുടെ ജീവിതത്തിൽ അങ്ങനെ തന്നെ പരിണമിക്കുന്നത് തെറ്റായ വാക്കുകളുടെ ശക്തിയായി അനുമാനിക്കാം. എപ്പോഴും മറ്റുള്ളവരുടെ കുറ്റം കണ്ടെത്തി പരദൂഷണം പറയുന്നവർക്കു ചുറ്റും അരക്ഷിതാവസ്ഥയുടെ വലയം കറങ്ങുന്നതിനും കാരണം മറ്റൊന്നല്ല. 'നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം" എന്ന പ്രാർത്ഥനയ്ക്കൊപ്പം സഞ്ചരിക്കുന്നതിൽ അശുഭമൊന്നും എന്തായാലും ഇല്ല.

TAGS: RITUALS, OPENOPONO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.