SignIn
Kerala Kaumudi Online
Sunday, 20 July 2025 8.21 AM IST

അകക്കണ്ണിന്റെ വരമായി എ.എസിന്റെ വരകൾ

Increase Font Size Decrease Font Size Print Page
a

വർഷങ്ങൾക്കുമുമ്പ് എൻ.ടി. ബാലചന്ദ്രന്റെ 'ചിലമ്പ്" എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വാരംതോറും പ്രസിദ്ധപ്പെടുത്തിയിരുന്നപ്പോൾ അതിനു ചിത്രങ്ങൾ വരച്ച് വായനക്കാരെ അതിശയപ്പെടുത്തിയിരുന്നത്, അത്തിപ്പൊറ്റ ശിവരാമൻ നായർ എന്ന എ.എസ്. ആയിരുന്നു. 'ചിലമ്പ്" പിന്നീട് പ്രശസ്ത സംവിധായകൻ ഭരതൻ ചലച്ചിത്രമാക്കിയപ്പോൾ അദ്ദേഹം എ.എസിനെ കുറിച്ച് പറഞ്ഞൊരു കമന്റുണ്ട്: 'എ.എസിന്റെ ചിത്രങ്ങളെ മറികടക്കാവുന്ന ഒരു ഫ്രെയിം പോലും എനിക്ക് സിനിമയിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല!"

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന വിശ്വാസികളുടെ ഇടയിലെ സ്വാർത്ഥതയും പകയും പ്രതികാരവും പ്രണയവുമൊക്കെ പ്രമേയമാക്കിയ ആ നോവൽ അന്ന് വായനക്കാരുടെ പുതിയ വായനാനുഭവവും ഹരവുമായിരുന്നു. മീനഭരണിക്ക് പത്തുദിവസം മുമ്പുള്ള കോഴിക്കല്ല് മൂടലും കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും ചുവന്ന പട്ടുടുത്ത കോമരങ്ങളുടെ ഉറഞ്ഞുതുള്ളലും സ്ത്രീപുരുഷഭേദമെന്യേ ഭക്തിലഹരിയിൽ നീന്തിത്തുടിച്ച്,​ മുളംതണ്ടിൽ താളമിട്ട് സ്വയം മറന്നുകൊണ്ടുള്ള സമർപ്പണവും കാവുതീണ്ടലും മറ്റ് ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറതെറ്റാതെ പ്രതിപാദിച്ച നോവലിന്റെ മുഖ്യാകർഷണവും ശക്തിയുമായിരുന്നു, എ.എസിന്റെ രേഖാചിത്രങ്ങൾ. ക്ഷേത്രത്തിന്റെ അതിനിഗൂഡമായ ശില്പസൗന്ദര്യവും ഉപദേവതകളുടെ പ്രതിഷ്ഠകളും വള്ളികളും വേരുകളും തൂങ്ങിയാടുന്ന ആൽത്തറകളും വെടിമരുന്നു പുരയും കൊടിക്കൂറകളും ആ വരകളിൽ പുനർജ്ജനിച്ചിരുന്നു.

അതിനിടയിലാണ് തൃശൂരിൽ വച്ച് കണ്ടുമുട്ടിയ സന്ദർഭത്തിൽ 'ചിലമ്പി"നുവേണ്ടി എ.എസ്. വരയ്ക്കുന്ന ചിത്രങ്ങളുടെ ഭാവസാന്ദ്രതയെപ്പറ്റി ഞാൻ സംസാരിക്കവെ എൻ.ടി. ബാലചന്ദ്രൻ വെളിപ്പെടുത്തിയത് -'കൊടുങ്ങല്ലൂർ ഭരണി ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നും തന്നെ എ.എസ് കണ്ടിട്ടില്ല!" അതു കേട്ട് ഞാൻ അമ്പരന്നുപോയി. 'പിന്നെ എങ്ങനെ...?"

എന്റെ ചോദ്യത്തിന് ഒരു ഉത്തരമേ ബാലചന്ദ്രന് ഉണ്ടായിരുന്നുള്ളൂ: 'അകക്കണ്ണിന്റെ കാഴ്ച!" ശക്തിയുടെ ഉപാസകനായ എ.എസിന് ആ അപൂർവസിദ്ധി ഉണ്ടായിരുന്നിരിക്കണം. ഒരുപക്ഷേ, എ.എസിനു മാത്രം. സമകാലീനനായ നമ്പൂതിരി നേർത്ത രേഖകളെ ചിത്രരചനയ്ക്കായി ഉപയോഗിച്ചപ്പോൾ കറുത്ത ചായം തേച്ച കട്ടിയുള്ള വരകളെയാണ് എ.എസ് ആശ്രയിച്ചത്. അത് വ്യത്യസ്തത പുലർത്തി. വരച്ചുതുടങ്ങിയവർക്ക് വഴികാട്ടിയും വിമർശകനും ഗുരുസ്ഥാനീയനുമായിരുന്നു, എ.എസ്. ഒരുപാട് സ്വകാര്യ ദുഃഖങ്ങൾ ഉള്ളിൽ നീറിക്കിടക്കുമ്പോഴും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാനും സൗഹൃദങ്ങളെ സ്വയം മറന്ന് സ്നേഹിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഭാര്യ നേരത്തെ മരിച്ചു. ഒരേയൊരു മകൾ. മകൾക്കു വേണ്ടി സമർപ്പിച്ചിരുന്ന ആ ജീവിതം, മായാത്ത വരകൾ നമുക്കു സമ്മാനിച്ച് ഈ ലോകം വിട്ടുപോയത് 1988 ജൂൺ 30ന്. തന്റെ സർഗസിദ്ധിയുടെ ജ്വലനകാലത്ത്. അതും 52-ാംമത്തെ വയസിൽ. ഇപ്പോൾ 37 വർഷം കടന്നുപോയിരിക്കുന്നു. ഓർക്കേണ്ട പലരും അദ്ദേഹത്തെ മറന്നുകഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യം, അത്യന്തം ഖേദകരം. സ്മരിക്കുന്നു, ഭയഭക്തി ബഹുമാനത്തോടെ.

(ലേഖകന്റെ ഫോൺ നമ്പർ: 85929 25645)

TAGS: AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.