SignIn
Kerala Kaumudi Online
Sunday, 20 July 2025 5.45 PM IST

മനസു നിറച്ച മൈതാനം

Increase Font Size Decrease Font Size Print Page
sdf

പന്തളം നൂറനാട്ടെ അദ്ധ്യാപക ദമ്പതികളായ ഗോപിനാഥൻ ഉണ്ണിത്താന്റേയും സതീദേവിയുടേയും മകൻ കിഷോർ കായിക രംഗത്തേക്ക് കടന്നുവരാൻ കാരണം അച്ഛനാണ്. അത്‌ലറ്റിക്സും വോളിബാളുമൊക്കെ കളിച്ചിരുന്ന, സ്കൂളിൽ എൻ.സി.സി ഓഫീസറായിരുന്ന ഗോപിനാഥന് മകനെ കായികതാരമാക്കാനായിരുന്നു ആഗ്രഹം. ബോഡി ബിൽഡിംഗിലും നീന്തലിലുമായിരുന്നു കിഷോറിന് താത്പര്യം. മകന്റെ പഠനവും സ്പോർട്സുമായി ബന്ധപ്പെട്ടു മതിയെന്ന് തീരുമാനിച്ച അച്ഛൻ,​ 1980-ൽ ബാച്ചിലർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴ്സ് പഠിക്കാൻ ഗ്വാളിയറിലെ എൽ.എൻ.സി.പി.ഇയിലേക്ക് അയച്ചു. അന്ന് കാര്യവട്ടത്ത് എൽ.എൻ.സി.പി.ഇ തുടങ്ങിയിട്ടില്ല.

അതുവരെ പരിശീലിച്ചതു മാത്രമല്ല സ്പോർട്സ് എന്ന് തിരിച്ചറിഞ്ഞ കിഷോർ ബി.പി.ഇയും എം.പി.ഇയും എം.ഫില്ലും കഴിഞ്ഞ് 85-ലാണ് ഗ്വാളിയറിൽ നിന്ന് മടങ്ങുന്നത്. തിരുവനന്തപുരം ജി.വി രാജാ സ്പോർട്സ് സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ആരംഭിക്കുന്നത് ആ വർഷമാണ്. അവിടെ അദ്ധ്യാപകനായാണ് കരിയറിന്റെ തുടക്കം.

വഴി തുറന്ന

ഭാരതീയം

ജി.വി. രാജാ സ്കൂളിൽ അദ്ധ്യാപകനായിരിക്കെ,​ നാഷണൽ ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമിന്റെ കോ- ഓർഡിനേറ്ററായി നിയമിതനായതാണ് വഴിത്തിരിവായത്. 1987-ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിന്റെ സംഘാടനത്തിലേക്കുള്ള ചവിട്ടുപടി കൂടിയായി അത്. ഗെയിംസിന്റെ സമാപനത്തോടനുബന്ധിച്ച് പതിനായിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ 'ഭാരതീയം" എന്ന മെഗാ മാസ്ഡ്രിൽ പ്രോഗ്രാമിന്റെ ചുമതലക്കാരനായി. കേരളം അന്നോളം കണ്ടിട്ടില്ലാത്ത അനുഭവമായിരുന്നു അത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു പുറത്ത് ഉയരത്തിൽ താത്കാലിക വേദിയൊരുക്കി സ്കൂൾ- കോളേജ് കുട്ടികളെ അണിനിരത്തി അന്നത്തെ പരിമിതമായ സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച്,​ പ്ളക്കാർഡുകൾ കൊണ്ട് ഡിസ്‌പ്ളേ നടത്തിയ 'ഭാരതീയം",​ സമാപനച്ചടങ്ങിനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും ശ്രദ്ധ പിടിച്ചുപറ്റി.

പരിമിതമായ സൗകര്യങ്ങളിലായിരുന്നു 'ഭാരതീയ"ത്തിന്റെ കോ- ഓർഡിനേഷൻ നിർവഹിച്ചത്. വെള്ളയമ്പലത്തെ ഒരു ഓലഷെഡായിരുന്നു സംഘാടക സമിതി ഓഫീസ്. നഗരത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും കുട്ടികളെ സംഘടിപ്പിച്ച് പരിശീലനം നൽകി. വിജയകരമായി 'ഭാരതീയം" അവസാനിച്ചപ്പോഴാണ് ശ്വാസം നേരെവീണത്. പിന്നീട് ഡൽഹിയിൽ 30,​000 പേരെ പങ്കെടുപ്പിച്ച പരിപാടി സംഘടിപ്പിച്ചത് ഈ ആത്മവിശ്വാസത്തിലാണ്.

കാര്യവട്ടം

വിളിക്കുന്നു

ദേശീയ ഗെയിംസ് കഴിഞ്ഞപ്പോഴേക്കും കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നിന്ന് ക്ഷണമെത്തി, ബി.പി.ഇ കോഴ്സിൽ അദ്ധ്യാപകനാകാൻ. 85-ലാണ് കാര്യവട്ടത്ത് ഗ്വാളിയർ എൽ.എൻ.സി.പി.ഇ മാതൃകയിൽ സ്പോർട്സ് കോളേജ് ആരംഭിക്കുന്നത്. 1989 വരെ കാര്യവട്ടത്ത് അദ്ധ്യാപകനായി തുടർന്നു. ഇടയിൽ പിഎച്ച്.ഡി പഠനവും. അതിനുശേഷം ഡൽഹിയിലേക്ക് വിളി വന്നു. അവിടെനിന്ന് ഗ്വാളിയറിൽ ലക്ചററായി നിയമനം. 1992-ൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ രൂപംകൊണ്ടപ്പോൾ ഡെപ്യൂട്ടി ഡയറക്ടറായി. അടുത്ത വർഷം ബാംഗ്ളൂർ സായ്‌യിൽ ഡെപ്യൂട്ടി ഡയറക്ടർ. അപ്പോഴേക്കും പിഎച്ച്.ഡിയും പൂർത്തിയാക്കി.

ബാംഗ്ളൂർ സായ്‌യിൽ മലയാളിയായ ഡെപ്യൂട്ടി ഡയറക്ടറുണ്ടെന്ന് അറിഞ്ഞപ്പോൾ കേരളത്തിനായി സേവനം ചെയ്തുകൂടേ എന്ന ചോദിച്ചത് അന്ന് കായികമന്ത്രിയായിരുന്ന പന്തളം സുധാകരനാണ്. കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. കായിക സെക്രട്ടറിയായിരുന്ന ഉപ്പിലിയപ്പന്റെയും പിന്തുണയുണ്ടായി. അങ്ങനെ 1994-ൽ സ്പോർട്സ് ഡിപ്പാർട്ട്മെന്റിൽ അഡിഷണൽ ഡയറക്ടർ തസ്തിക സൃഷ്ടിച്ച് ഡെപ്യൂട്ടേഷനിൽ നിയമനം നൽകി. യൂത്ത് വെൽഫെയർ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരുന്നു.

സംസ്ഥാനത്ത് ആദ്യമായി ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമിന് തുടക്കമിട്ടത് ആ തസ്തികയിലിരുന്നാണ്. കൗമാരക്കാരുടെ കായികക്ഷമത അളക്കാനും പുതിയ പ്രതിഭകളെ കണ്ടെത്താനുമുള്ള സ്കീമുകൾ ആവിഷ്കരിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇതിന് തുടക്കമിട്ടത്. സംസ്ഥാനത്ത് സ്പോർട്സ് ബിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് സാങ്കേതിക സഹായങ്ങൾ നൽകിയതും ഇക്കാലയളവിലാണ്.

ഉത്സവത്തിന്

കേളികൊട്ട്

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിവച്ച ഓണം സ്പോർട്സ്,​ അടുത്ത മന്ത്രിസഭ എത്തിയപ്പോൾ വിപുലീകരിച്ചാണ് കേരളോത്സവം ആരംഭിച്ചത്. സ്പോർട്സിൽ മാത്രമൊതുങ്ങാതെ കലാ, കായിക, കരകൗശല വിദ്യകളിലേക്കും കൃഷിയിലേക്കും യുവാക്കളെ ആകർഷിക്കുന്നതാകണം കേരളോത്സവമെന്നത് അന്ന് മന്ത്രിയായിരുന്ന ഇന്നത്തെ ആലത്തൂർ എം.പി കെ. രാധാകൃഷ്ണന്റെ നിർദ്ദേശമായിരുന്നു. ഓലമെടയലും കിളയ്ക്കലും തെങ്ങുകയറ്റവും ഉൾപ്പടെയുള്ള മത്സരങ്ങൾ യുവാക്കളിൽ ആവേശമായി മാറി.

യൂത്ത്‌വെൽഫയർ ബോർഡിന്റെ മെമ്പർ സെക്രട്ടറിയായി നിരവധി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനായി. അതിൽ പ്രധാനപ്പെട്ടതായിരുന്നു 22 യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നെയ്യാർഡാം മുതൽ കാസർകോട് പാണത്തൂർ വരെ പശ്ചിമഘട്ടത്തിലൂടെ നടത്തിയ 'മില്ലേനിയം ട്രെക്ക്." വനസംരക്ഷണത്തിനുള്ള ബോധവത്കരണവും വനത്തിൽ നിന്നുള്ള പ്ളാസ്റ്റിക് മാലിന്യം മാറ്റലും ലക്ഷ്യമിട്ടുനടന്ന ട്രെക്കിംഗിൽ പങ്കാളിയുമായി. തിരുനെല്ലിയിൽ നിന്ന് കണ്ണൂരിലെ ആറളം ഫാമിലേക്കുള്ള യാത്രയ്ക്കൊടുവിൽ കുറ്റാക്കുറ്റിരുട്ടിൽ പാമ്പുകളെ പേടിച്ച് നടന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും രസമാണ്.

നീന്തലും

നേർച്ചയും

ആ കാലയളവിൽ യൂത്ത് വെൽഫെയർ ബോർഡ് നടത്തിയ മറ്റൊരു പരിപാടിയായിരുന്നു സീ സ്വിമ്മിംഗ്. ശംഖുംമുഖം മുതൽ കോവളം വരെയുള്ള ആഴക്കടലിൽ നൂറു പേരെ പങ്കെടുപ്പിച്ച് നടത്തിയ നീന്തൽ മത്സരം. നേവിയുടെ ഷിപ്പുകളും ഹെലികോപ്ടറും ബോട്ടുകളിൽ റെസ്ക്യൂ ടീമും ഒക്കെയായി സുരക്ഷയൊരുക്കിയായിരുന്നു മത്സരം. മാദ്ധ്യമപ്രവർത്തകരും എം.എൽ.എമാരുമൊക്കെ സഞ്ചരിച്ച ബോട്ടിലായിരുന്നു കിഷോർ. മത്സരം കണ്ട് ആവേശം കയറിയപ്പോൾ ഉള്ളിലെ പഴയ നീന്തൽക്കാരൻ ഉണർന്നു. സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞ് കടലിലേക്ക് ചാടി.

കുറച്ചുസമയം കഴിഞ്ഞാണ് പൂളിൽ നീന്തുന്നതു പോലെയല്ല കടലിൽ നീന്തുന്നതെന്ന് മനസിലായത്. അടിയൊഴുക്കിൽ ദിശ മാറിപ്പോയ കിഷോറിനെ റെസ്ക്യൂ ടീം തിരിച്ചു കയറ്റിയത് മറ്റൊരു ബോട്ടിലായിരുന്നു. ഇതേസമയം കിഷോർ സഞ്ചരിച്ചിരുന്ന ബോട്ടിലിരുന്നവർ ആളെക്കാണാതെ പരിഭ്രാന്തരായി. അപക‌ടമൊന്നും വരുത്തരുതേയെന്ന് പ്രാർത്ഥിച്ച് പള്ളിയിൽ മെഴുകുതിരി കത്തിക്കാൻ നേർച്ച നേർന്ന് 1200 രൂപ ചെലവായതായി ആന്റണി രാജു എം.എൽ.എ ഇന്നും പറഞ്ഞ് ചിരിക്കാറുണ്ട്. ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് കൊല്ലം മുതൽ കൊച്ചിവരെ കടൽയാത്രയും യുവാക്കൾക്കായി സംഘടിപ്പിച്ചു.

2000-ത്തിൽ സായ് ഈസ്റ്റേൺ റീജിയണിന്റെ ഡയറക്ടറായി കൊൽക്കത്തയിലെത്തി. ഐ.എം. വിജയനും ജോപോൾ അഞ്ചേരിയുമൊക്കെ കൊൽക്കത്തയിൽ ഫുട്ബാൾ കളിക്കുന്ന കാലം. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിനു സമീപത്തെ ഓഫീസ്. ഫുട്ബാൾ ഭ്രാന്തന്മാരായ കൊൽക്കത്തക്കാർ വിജയനോടു കാട്ടുന്ന സ്നേഹം കണ്ട് അമ്പരന്നിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസങ്ങളായ പി.കെ. ബാനർജി, ശൈലൻ മന്ന, പ്രസൂൺ ബാനർജി, ബെയ്ചുംഗ് ബൂട്ടിയ തുടങ്ങിയവരൊക്കെയായി നല്ല ബന്ധമുണ്ടാക്കാനായി. ബംഗാളിലും ഒഡിഷയിലും സിക്കിമിലുമൊക്കെ പുതിയ സായ് സെന്ററുകൾ ആരംഭിച്ചു. 2002-ൽ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, ലക്ഷദ്വീപ് എന്നിവിടങ്ങളുടെ ചുമതലയുള്ള ബാംഗ്ളൂർ റീജിയണൽ സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റു.

വീണ്ടുമൊരു

തിരിച്ചുവരവ്

2006-ൽ സ്പോർട്സ് ഡയറക്ടറും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായി വീണ്ടും കേരളത്തിലേക്കെത്തി. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള കരിക്കുലം കമ്മിറ്റിയിൽ പങ്കാളിയായതും സ്പോർട്സ് കമ്മിഷനിൽ ഭാഗഭാക്കായതും ഈ കാലയളവിലാണ്. 14 ലക്ഷത്തോളം കുട്ടികളുടെ ഡാറ്റ സമാഹരിച്ച് ബൃഹത്തായ ഒരു പദ്ധതിയാണ് രൂപീകരിച്ചത്. കായിക വിദ്യാഭ്യാസത്തെക്കുറിച്ച് കാര്യഗൗരവത്തോടെ ചിന്തിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

2015-ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിന്റെ ബിഡ്ഡിംഗിനു വേണ്ടി മുൻനിരയിൽ പ്രവർത്തിക്കാനായി. ഒന്നോ രണ്ടോ നഗരങ്ങളിൽ ഗെയിംസ് നടത്തുന്ന പതിവുവിട്ട് തിരുവനന്തപുരം മുതൽ കണ്ണൂർവരെ വിവിധ വേദികളിൽ ഗെയിംസ് ന‌ടത്താനുള്ള കേരളത്തിന്റെ പദ്ധതി ബോദ്ധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കാൻ അന്ന് കേന്ദ്ര സ്പോർട്സ് സെക്രട്ടറിയായിരുന്ന ഇഞ്ചെട്ടി ശ്രീനിവാസുമായി ഈ വേദികളിലേക്കെല്ലാം യാത്രചെയ്തു. 2015-ൽ ഗെയിംസ് നടന്നപ്പോൾ ടെക്നിക്കൽ കമ്മറ്റിയുടെ തലപ്പത്തുണ്ടായിരുന്നു.

ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി സായ്‌യിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാളാകാൻ നിയോഗമുണ്ടായത്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവയുൾപ്പെട്ട പുതിയ റീജിയണിന്റെ ഡയറക്ടറുമായി. ഒന്നര പതിറ്റാണ്ടിനുള്ളിൽ കായിക വിദ്യാഭ്യാസത്തിൽ ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ സൗകര്യങ്ങളുള്ള ഇന്ത്യയിലെ മികച്ച അക്കാഡമിക് സ്ഥാപനമാക്കി എൽ.എൻ.സി.പി .ഇയെ മാറ്റാനായി. അതോടൊപ്പം തന്നെ നിരവധി ദേശീയ ക്യാമ്പുകളുടെ വേദിയും നാഷണൽ എക്സലൻസ് സെന്ററുമായി. 10 ട്രെയിനിംഗ് സെന്ററുകളാണ് ഇപ്പോഴുള്ളത്. ഇതിൽ മയിലാടുതുറൈയിലെയും ആന്ത്രോത്ത് ദ്വീപിലെയും സെന്ററുകൾ ആരംഭിക്കാനായി.

ഗോൾഫ് ക്ളബ് ഏറ്റെടുത്ത് ഗോൾഫ് അക്കാഡമിയാക്കി. നിരവധി 'ഖേലോ ഇന്ത്യ" സെന്ററുകൾ ആരംഭിച്ചു . ജി.വി. രാജാ സ്കൂളിനും പിന്തുണ നൽകുന്നു. കേരളത്തിൽ ഇപ്പോഴുള്ള കായിക പരിശീലകരിലും കായികാദ്ധ്യാപകരിലും നല്ലൊരു ശതമാനം എൽ.എൻ.സി.പി.ഇയിലൂടെ വന്നവരാണെന്നതിൽ അഭിമാനമുണ്ട്. ഒരിക്കലും ഓഫീസിനുള്ളിൽ ഇരിക്കുന്ന അഡ്മിനിസ്ട്രേറ്ററായി ഒതുങ്ങാൻ ആഗ്രഹിച്ചില്ല. കളിക്കളത്തിലും ക്ളാസ്‌മുറികളിലും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. ഗ്രൗണ്ടിൽ അവർക്കൊപ്പം പരിശീലനം നടത്താനും അതിരാവിലെയുണ്ടാകും. അടുത്തിടെ വിദ്യാർത്ഥികൾക്കൊപ്പം അഗസ്ത്യാർകൂടം ട്രെക്കിംഗും നടത്തി.

വരട്ടെ,​ 2036

ഒളിമ്പിക്സ്

ഈ മാസത്തോടെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണെങ്കിലും സ്പോർട്സിൽ നിന്ന് മാറിനിൽക്കാൻ കിഷോർ ആഗ്രഹിക്കുന്നില്ല. 2036-ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ശക്തമായി നടക്കുകയാണ്. നാലുപതിറ്റാണ്ടോളമുള്ള കായികാദ്ധ്യാപക- ഭരണ രംഗത്തെ പരിചയം ഒളിമ്പിക് തയ്യാറെടുപ്പുകൾക്ക് മുതൽക്കൂട്ടാകുമെങ്കിൽ അതിൽ സജീവമായി മുഴുകണമെന്നാണ് ആഗ്രഹം. കേന്ദ്ര സർക്കാരിൽ നിന്ന് മുമ്പുണ്ടായിട്ടില്ലാത്ത വിധം കായികമേഖലയ്ക്ക് പിന്തുണ ലഭിക്കുന്ന കാലമാണിത്. അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടുന്ന കായികതാരങ്ങളെയും പരിശീലകരെയും പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിക്കുന്നത് മാതൃകാപരമാണ്. ഒളിമ്പിക്സ് വേദിയാകാൻ അവസരം ലഭിച്ചാൽ ഇന്ത്യൻ സ്പോർട്സിന്റെ മുഖച്ഛായതന്നെ മാറുമെന്ന് കിഷോർ പ്രത്യാശിക്കുന്നു.

കൃഷ്ണയാണ് ഭാര്യ. മകൻ കേശവ് കിഷോർ ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥി. സഹോദരൻ ജി. ഗിരീഷ് ഹൈക്കോടതി ജഡ്ജിയാണ്. സഹോദരി : എസ്. ബിന്ദു.

TAGS: KISHOR, SPORTS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.