നാടോടിക്കഥകളിൽ ആഴത്തിൽ വേരൂന്നിയ നാഗമാണിക്യം വിഷസർപ്പങ്ങളുടെ തലയിൽ നിന്നും ഉത്ഭവിക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദൈവികശക്തി, സംരക്ഷണം, ഭാഗ്യം തുടങ്ങിയവയെയാണ് വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ഈ പുരാതന രത്നം ആകർഷകമാക്കാൻ കാരണം. നാഗമാണിക്യം, നാഗരത്നം, നാഗ റൂബി, എന്നിങ്ങനെ വിളിപ്പേരുകളുണ്ട്. കഥകളിൽ മാത്രം പ്രചരിക്കുന്ന ഇവയെ ആരും കണ്ടിട്ടില്ല.എന്നാൽ ഇതിന്റെ പേരിൽ പറ്റിക്കപ്പെടുന്നവർ ഒട്ടും കുറവല്ല.
എന്താണ് നാഗമാണിക്യം
സംസ്കൃതത്തിൽ നിന്നാണ് നാഗമണി എന്ന പദം ഉണ്ടായത്. നാഗ എന്നാൽ പാമ്പ്. മാണിക്യം എന്നാൽ രത്നമെന്നുമാണ് അർത്ഥമാക്കുന്നത്. പരമ്പരാഗത വിശ്വാസങ്ങൾ പ്രകാരം നാഗമാണിക്യം സർപ്പത്തിന്റെ തലയ്ക്കുള്ളിൽ രൂപം കൊള്ളുന്നതാണെന്ന് കഥകൾ. ഇരുട്ടിൽ നാഗരത്നങ്ങൾ വെട്ടിത്തിളങ്ങും. ഇത് കൈവശം വയ്ക്കുന്നവർക്ക് ആത്മീയവും ഭൗതികമായ ശക്തി നൽകും എന്നൊക്കെയാണ് പ്രചരിക്കപ്പെടുന്നത്. രത്നങ്ങളിൽ നിന്നും വരുന്ന പ്രകാശത്തിന്റെ വെളിച്ചത്തിൽ ഇരുട്ടിലും പാമ്പുകൾക്ക് സഞ്ചരിക്കാൻ കഴിയും. മാണിക്യം തലയിലണിയുന്ന നാഗങ്ങൾ അപകടഘട്ടത്തിൽ രത്നം വിഴുങ്ങുമെന്നും രസകരമായ കഥകളുണ്ട്.
നാഗമാണിക്യത്തിന്റെ ശക്തി
ശാരീരികവും ആത്മീയവുമായ അസുഖങ്ങൾ ഭേദപ്പെടുത്തുമെന്ന് കരുതപ്പെടുന്നു. നാഗമാണിക്യം കൈവശം വയ്ക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും ലഭിക്കുമെന്നും വിശ്വാസികൾ കരുതുന്നു. മാത്രമല്ല മറഞ്ഞിരിക്കുന്ന അപകടങ്ങൾ വെളിപ്പെടുത്തുമെന്നും പറയപ്പെടുന്നു.
കെട്ടുകഥയ്ക്ക് പിന്നിലെ ശാസ്ത്രം
നാഗമാണിക്യം എന്ന വിശ്വാസത്തെ തന്നെ ആധുനിക ശാസ്ത്രം ശക്തമായി നിരാകരിക്കുകയാണ്. മൂർഖൻ പാമ്പുകൾക്ക് മുത്തുകൾ രൂപപ്പെടുത്താനുള്ള ശാരീരികമായ കഴിവില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നാഗമാണിക്യം എന്ന് പറയപ്പെടുന്ന പാമ്പ് മുത്തുകൾ പലപ്പോഴും പിത്താശയക്കല്ലുകളോ ഭൂഗർഭങ്ങളിൽ സ്ഥിതിചെയ്യുന്ന ധാതുക്കളിൽ നിന്നുണ്ടാകുന്നതോ ആകാം. അവയ്ക്ക് അമാനുഷിക ഗുണങ്ങളൊന്നുമില്ലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.
നാഗമാണിക്യം എന്ന മിത്ത് നിലനിൽക്കുന്നതിന് കാരണം
പാമ്പുകൾ പല സംസ്കാരങ്ങളിലും സംരക്ഷണം, ജ്ഞാനം, മറഞ്ഞിരിക്കുന്ന ശക്തി എന്നിവയെ പ്രതീകപ്പെടുത്തുന്നവയാണ്. നാഗിൻ പോലുള്ള സിനിമകളും ടിവി ഷോകളും ഐതീഹ്യങ്ങളും നാഗമണിക്യത്തെക്കുറിച്ച് പല കഥകളും പ്രചരിപ്പിക്കാറുണ്ട്. ഗ്രാമീണ മേഖലയിലാണ് ഇത്തരം വിശ്വാസികൾ കൂടുതലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |