മുണ്ടുമടക്കിക്കുത്തി...തോളൊന്ന് ചരിച്ച്...സ്ലോമോഷനിൽ ഒരു വരവുണ്ട്. ഒരു മോഹൻലാൽ ആരാധകന്റെ രോമാഞ്ചിഫിക്കേഷന് ഇതിൽ കൂടുതൽ എന്തുവേണം. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് വേണ്ടിയും ഈ പറഞ്ഞ ലുക്കിലെത്തിയ ലാലേട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. പക്കാ സിനിമാ വൈബിലെത്തിയ പ്രമോ വീഡിയോയാണ് ഏഴാം സീസണിൽ ബിഗ് ബോസ് ടീം പ്രേക്ഷകർക്ക് സമ്മാനിച്ചത്. മോഹൻലാലിന്റെ മാസ് ലുക്കും സെൽഫ് ട്രോളും ഉൾപ്പടെ വ്യത്യസ്തമായി ചിത്രീകരിച്ച പ്രമോ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ചത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രി അഡ്വർട്ടൈസിംഗ് ഏജൻസിയാണ്. ഇപ്പോഴിതാ പ്രമോ വീഡിയോ വ്യത്യസ്തമാക്കിയതിനെക്കുറിച്ച് തിരക്കഥ നിർവഹിക്കുന്നതിൽ പങ്കാളിയായ ഐഡിയേഷൻ മാനേജർ അജീഷ് രാമൻ കേരള കൗമുദി ഓൺലൈനുമായി സംസാരിക്കുന്നു.
മോഹൻലാലിനെ വരെ ട്രോളാം
മൈത്രിയുടെ ഐഡിയേഷൻ ഡയറക്ടറായ വേണുഗോപാൽ രാമചന്ദ്രനുമായി ചേർന്നാണ് പ്രമോ വീഡിയോയുടെ തിരക്കഥ എഴുതുന്നത്. പ്രീ പ്രൊഡക്ഷന്റെ സമയത്ത് ഏഷ്യാനെറ്റ് ഹെഡ് കിഷൻ സാറുമായി ഒരു ചർച്ച നടത്തിയിരുന്നു. ഷോയിലുണ്ടായിരുന്ന ചില പ്രശ്നങ്ങളെ നമുക്ക് അഡ്രസ് ചെയ്യേണ്ടതുണ്ടെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു. അത് ട്രോൾ രൂപത്തിലാണെങ്കിൽ അങ്ങനെ എന്ന ധൈര്യം നൽകിയത് അദ്ദേഹമായിരുന്നു. കിഷൻ സാറിന്റെ ഐഡിയയായിരുന്നു, കമ്മിറ്റിക്കാർ കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന ടാസ്‌കിന്റെ പേരിൽ ബിഗ് ബോസ് ടീമിനെ ട്രോളുന്നത്. ഹോസ്റ്റായ മോഹൻലാലിനെ വരെ ട്രോളാം എന്ന ആശയവും അദ്ദേഹമായിരുന്നു മുന്നോട്ടുവച്ചത്.
ലാലേട്ടൻ ആദ്യം നോക്കി, പിന്നെ ഒരു ചിരി
ഷൂട്ടിന് മുമ്പ് വേണു ചേട്ടനായിരുന്നു ലാൽ സാറിനെ സ്‌ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചത്. സ്‌ക്രിപ്റ്റ് കേട്ടയുടൻ ലാൽ സാർ ഒന്നു നോക്കി, അതിനുശേഷം ഒന്നു ചിരിച്ചു. അതായിരുന്നു ലാൽ സാറിന്റെ ആദ്യ പ്രതികരണം. ഷൂട്ടിന്റെ സമയത്ത് ആ ട്രോൾ ഒരു പോസിറ്റീവ് രീതിയിൽ ലാൽ സാർ എടുത്തു എന്നത് വലിയ കാര്യമാണ്. 'തുടരും' ചിത്രത്തിന്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ഒരു വാചകം ഉണ്ടായിരുന്നു. 'കോട്ടിട്ട മോഹൻലാലിനേക്കാളും മുണ്ടുമടക്കിക്കുത്തുന്ന മോഹൻലാലിനെ നിങ്ങൾ പേടിക്കണം'. ആ വാചകം ഭയങ്കര സ്‌ട്രൈക്കിംഗായി തോന്നി.
കഴിഞ്ഞ എല്ലാ സീസണുകളിൽ ലാൽ സാർ പ്രമോ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് കോട്ട് ധരിച്ച ലുക്കിലായിരുന്നു. ആ ഡ്രെസ് മാറ്റുമ്പോൾ തന്നെ അപ്പിയറൻസും ഓറയും കുറച്ചുകൂടി മാറിക്കിട്ടും. കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീൽ ചെയ്യുമെന്ന ബോദ്ധ്യത്തിന്റെ പുറത്താണ് മുണ്ടും ഷർട്ടും എന്ന ലുക്കിലേക്ക് എത്തിയത്. കന്നഡയിലെ 'മഫ്തി' എന്ന ചിത്രത്തിൽ ശിവരാജ് കുമാർ ബ്ലാക്ക് ആൻഡ് ബ്ലാക്ക് ലുക്കിലായിരുന്നു. ശിവരാജ് കുമാറിനെ വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ആ ലുക്കിൽ ലാലേട്ടനെ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. വീഡിയോ സംവിധാനം നിർവഹിച്ച മൃദുലേട്ടനും വേണുച്ചേട്ടനും ഇതേ ആഗ്രഹമുള്ളവരായിരുന്നു. അതുകൊണ്ടാണ് ബ്ലാക്ക് ആൻഡ് ബ്ലാക്ക് ലുക്ക് ലാൽ സാറിന് വേണ്ടി സജസ്റ്റ് ചെയ്തത്.
ലാലേട്ടനും സ്റ്റാർഡവും
എല്ലാ സീസണുകളിലും ഉപയോഗിക്കുന്നത് ഷോയുടെ എലമെന്റുകളിൽ നിന്നുണ്ടാകുന്ന പ്രമോ വീഡിയോകളാണ്. ഏഴാം സീസണിൽ എത്തുമ്പോൾ, എന്തുകൊണ്ട് നമുക്ക് ലാൽ സാറിന്റെ സ്റ്റാർഡം ഉപയോഗിച്ചുകൂടാ എന്ന ചിന്ത വേണുച്ചേട്ടന്റെ മനസിൽ വന്നു. സാറിനെ നല്ല രീതിയിൽ പ്രസന്റ് ചെയ്ത് ഷോയെ കണക്ട് ചെയ്യാം എന്ന രീതിയാണ് ഈ ക്യാമ്പയിന് വേണ്ടി നമ്മൾ ഉപയോഗിച്ചത്. ഒരു ട്രെയിലറും ടീസറും രീതിയിലാണ് പ്ലാൻ ചെയ്തത്. ലാൽ സാറിന്റെ സ്റ്റാർഡത്തിന്റെ കൂടെ ഏഴാം സീസണിനെ കണക്ട് ചെയ്യാൻ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് വാച്ചിലെ സമയം ഏഴ് മണിയായതും മുണ്ട് മടക്കിക്കുത്തുന്ന സൈഡ് ഷോട്ടിൽ 'ഏഴ്' രൂപപ്പെടുത്തിയതും. ടീസറിൽ ഉപയോഗിച്ച 'ഓയേത്തൂ..ഓയേത്തൂ' എന്ന് തുടങ്ങുന്ന സ്പാനിഷ് ട്രാക്കിനും ഒരു പ്രത്യേകതയുണ്ട്. ഇംഗ്ലീഷിൽ വേണുചേട്ടൻ എഴുതിയ വരികൾ സ്പാനിഷിലേക്ക് പരിഭാഷപ്പെടുത്തി പ്രോഡ്യൂസ് ചെയ്ത സൗണ്ട് ട്രാക്കായിരുന്നു അത്. മാസ് ഹീറോ വരുമ്പോഴുള്ള ഒരു എൻട്രിയായിട്ടാണ് ആ സ്പാനിഷ് ട്രാക്ക് ഉപയോഗിച്ചത്.
വൈറലാകുന്നതിന് അപ്പുറം വേണ്ടത് ക്വാളിറ്റി
സംവിധായകൻ മൃദുൽ നായർ ഒരു മോഹൻലാൽ ഫാൻ ബോയ്‌യാണ്. അദ്ദേഹത്തിന് പ്രമോ നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കും വേണുചേട്ടനും ടീം മൈത്രിക്കും ഉണ്ടായിരുന്നു. ഇത് വെറും ഒരു പരസ്യമാക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നു. പരസ്യത്തേക്കാൾ ഉപരി ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടാകണമെന്ന നിർബന്ധം ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഏറ്റവും മികച്ച ടെക്നീഷ്യൻസിനെ കൊണ്ടുവരണമെന്ന് ആദ്യമേ തീരുമാനിച്ചതായിരുന്നു. ജോമോൻ ടി ജോണാണ് ടീസർ ഷൂട്ട് ചെയ്തത്. മാസ്റ്റർ പ്രമോ ഷൂട്ട് ചെയ്തത് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ക്യാമറാമാനായ കെയു മോഹനൻ സാറാണ്. മികച്ച ആർട്ട് ഡയറക്ടറായ അജയ് മങ്ങാട്, വീഡിയോ എഡിറ്റർ ലാൽ കൃഷ്ണ അച്യുതൻ, സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പൻ എന്നിവരും ഈ പ്രൊഡക്ഷന്റെ ഭാഗമായി. സാങ്കേതികത്വത്തിന് ഒരു കോപ്രമൈസും ഞങ്ങൾ വരുത്തിയിട്ടില്ല. പ്രമോ വൈറലാകുന്നതിന് അപ്പുറം മികച്ച ക്വാളിറ്റിയിൽ പുറത്തിറക്കണമെന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |