SignIn
Kerala Kaumudi Online
Sunday, 20 July 2025 11.22 PM IST

അരുമാനൂർ ജി. രാമചന്ദ്രൻ ഗുരുധർമ്മത്തിന്റെ പ്രകാശവാഹകൻ

Increase Font Size Decrease Font Size Print Page
ramachandran


തികഞ്ഞ ഗുരുദേവ ഭക്തനും ഗുരുദേവ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു, കഴിഞ്ഞദിവസം അന്തരിച്ച അരുമാനൂർ ജി. രാമചന്ദ്രൻ. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ രജിസ്ട്രാറായി രാമചന്ദ്രൻ കുറേക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലത്ത് സഭയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സേവനം വിലമതിയാത്തതാണ്. യൂണിറ്റുകളുടെ രൂപീകരണം, ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനം, താലൂക്ക് കമ്മിറ്റി രൂപീകരണം, മേഖലാ കൺവെൻഷനുകളും പ്രവർത്തക സമ്മേളനങ്ങളും- ഇവയൊക്കെ സമയബന്ധിതമായി സംഘടിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു.

ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറിയായി ഈ ലേഖകൻ പ്രവർത്തിച്ചിരുന്ന കാലയളവിലാണ് രാമചന്ദ്രൻ രജിസ്ട്രാർ ആയിരുന്നത്. മഠത്തിന്റെ നയത്തിന് അനുസൃതമായ ഇടപെടലും പ്രവർത്തന ശൈലിയും അദ്ദേഹത്തെ വേറിട്ടു നിറുത്തിയിരുന്നു. സഭയെ കൂടുതൽ ശക്തമാക്കുന്നതിലും പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നതിലും താഴെത്തട്ടിലെ പ്രവർത്തകർക്ക് മാർഗനിർദ്ദേശം നല്കുന്നതിലും രജിസ്ട്രാർ എന്ന നിലയിൽ വലിയ പങ്കു വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭയ്ക്ക് ശിവഗിരിയിൽ ആസ്ഥാനമന്ദിരം യാഥാർത്ഥ്യമായത് ഇദ്ദേഹത്തിന്റെ കാലത്താണ്.

കേരളത്തിനു പുറത്ത് സഭയുടെ സംഘടനാബലം വ്യാപിപ്പിക്കുന്നതിൽ എനിക്കൊപ്പം ജാഗ്രതയോടെ നിലകൊള്ളാൻ രാമചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. സഭയുമായി ബന്ധപ്പെട്ട് നടത്തേണ്ടിവന്ന യാത്രാവേളകളിലെല്ലാം ഗുരുധർമ്മ പ്രചാരണ സഭയുടെ സംഘടനാബലം മെച്ചപ്പെടുത്തുന്നതായിരുന്നു ചർച്ചാവിഷയം. സഭയ്ക്ക് ഒരു വനിതാ വിഭാഗം ഉണ്ടാവുന്നത് ധർമ്മപ്രചാരണത്തിനും സംഘടനാ വളർച്ചയ്ക്കും കൂടുതൽ സഹായകമാകുമെന്ന് ചിന്തിച്ചപ്പോൾ വിവിധ മേഖലകളിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി ഒരു മാതൃവേദി രൂപപ്പെട്ടുവന്നത് രാമചന്ദ്രന്റെ കാലത്താണ്. ഇന്നത്തെ മാതൃസഭ,​ മാതൃവേദിയുടെ പുതുരൂപമാണ്.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആചാര്യനായും ബ്രഹ്മവിദ്യാ മണ്ഡലം കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും ശിവഗിരി തീർത്ഥാടന കമ്മിറ്റി അംഗമായും അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി കൺവീനറായും മെച്ചപ്പെട്ട സേവനം കാഴ്ചവച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഗുരുദേവ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന പഠന ക്ലാസുകളിൽ ഗുരുദർശനത്തെക്കുറിച്ച് ആഴത്തിൽ ക്ലാസുകൾ നയിച്ചു. ആഴമാർന്ന ഗുരുഭക്തി,​ ആരെയും മുഷിപ്പിക്കാതെ, ആരുടെയും ആദരവ് ഏറ്റുവാങ്ങുന്ന പ്രവർത്തനരീതി- ഇത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
നെയ്യാറ്റിൻകര ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ആയിരിക്കെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. വലിയ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു രാമചന്ദ്രൻ. ശ്രീനാരായണ സാഹിത്യ പരിഷത്ത് പുരസ്കാരം, സ്വാമി ശാശ്വതീകാനന്ദ ട്രസ്റ്റിന്റെ അവാർഡ് ഇവയൊക്കെ അദ്ദേഹത്തിനു ലഭിച്ച ബഹുമതികളിൽ ഉൾപ്പെടുന്നു. ഗുരുധർമ്മത്തിന്റെ പ്രകാശവാഹകനായിരുന്ന അരുമാനൂർ രാമചന്ദ്രന്റെ ദേഹവിയോഗത്തിൽ ശിവഗിരി മഠത്തിന്റെ അനുശോചനം രേഖപ്പെടുത്തുകയും,​ പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

TAGS: ARUMANOOR, RAMACHANDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.