കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്ററിന്റെ മുൻ ഭാര്യ ഹസിൻ ജഹാൻ വീണ്ടും വിവാദത്തിൽ. അയൽക്കാരിയുമായുള്ള വസ്തു തർക്കത്തിൽ ഏർപ്പെട്ടതിനാണ് ഹസിൻ ജഹാനിക്കെതിരെ പരാതി ഉയർന്നത്. ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയാണ് ഇവർ. ആക്രമണം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഹസിനെതിരെയും ആർഷിക്കെതിരെയും അയൽവാസി ഡാലിയ ഖാത്തൂൺ പരാതി നൽകി.ഹസിന്റെ ആദ്യ ഭർത്താവിലുള്ള മകളാണ് ആർഷി. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സൂരി പട്ടണത്തിലെ ഒരു വസ്തുവിനെ ചൊല്ലിയാണ് തമ്മിൽ തർക്കമുണ്ടായത്. തർക്കം ആക്രമണത്തിലേക്ക് വഴിമാറിയതോടെ ഹസിനും ആർഷിക്കുമെതിരെ അയൽവാസി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മകൾ ആർഷിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വസ്തുവിൽ ജഹാൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഡാലിയ ഇത് ചോദ്യം ചെയ്തതാണ് കാര്യങ്ങൾ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹസിനും ഡാലിയയും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദത്തിന് തിരികൊളുത്തിയത്. ഹസിനും ആർഷിയും ചേർന്ന് തന്നെ ആക്രമിച്ചതായും തലയ്ക്ക് പരിക്കേറ്റതായും ഡാലിയ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ജീവനാംശത്തെച്ചൊല്ലി മുഹമ്മദ് ഷമിയുമായി ഹസിൻ നടത്തുന്ന നിയമപോരാട്ടത്തിനിടയിലാണ് പുതിയ വിവാദം. കൽക്കട്ട ഹൈക്കോടതി അടുത്തിടെ ഹസിനും മകൾ ഐറയ്ക്കും പ്രതിമാസം നാല് ലക്ഷം രൂപ നൽകാൻ ഷമിയോട് ഉത്തരവിട്ടിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും മകൾക്ക് 80,000 രൂപ വീതവും നൽകണമെന്ന് ഉത്തരവിട്ട ജില്ലാ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹസിൻ ജഹാൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. സംഭവത്തിൽ ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |