SignIn
Kerala Kaumudi Online
Sunday, 20 July 2025 7.10 AM IST

ഡോ. എം. അനിരുദ്ധൻ: മരിക്കാത്ത ഓർമ്മ, പ്രിയപ്പെട്ട ഗുരുനാഥൻ,​ ആദർശം ആത്മാവാക്കിയ വ്യവസായി

Increase Font Size Decrease Font Size Print Page
as

ആർ. ശങ്ക‌ർ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 1964-ലാണ് എസ്.എൻ ട്രസ്റ്റിനു കീഴിൽ ആറ് ജൂനിയർ കോളേജുകൾ നിലവിൽ വന്നത്. അങ്ങനെ വർക്കലയിൽ തുടങ്ങിയ ജൂനിയർ കോളേജിലാണ് ഞാൻ പ്രവേശിക്കുന്നത്. പ്രീഡിഗ്രി തുടങ്ങിയ ആദ്യ വർഷമായിരുന്നു അത്. തൊട്ടടുത്തവർഷം, 1965-ൽ അനിരുദ്ധൻ സർ അവിടെ കെമിസ്ട്രി ലക്ചറർ ആയി ജോയിൻ ചെയ്തു. അന്നുതൊട്ടു തുടങ്ങിയ ആത്മബന്ധമാണ് അദ്ദേഹത്തോട്. കൊല്ലം എസ്.എൻ. കോളേജിൽ നിന്നായിരുന്നു അദ്ദേഹം എം.എസ്സി കെമിസ്ട്രി പാസായത്. എസ്.എൻ. ട്രസ്റ്റിനു കീഴിലുള്ള പല കോളേജുകളിലും അദ്ദേഹം ജോലിചെയ്തു.

കേവലം ശമ്പളത്തിനു വേണ്ടി ഒരു വിഷയം പഠിപ്പിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. കെമിസ്ട്രിയോട് അത്രമേൽ പാഷൻ ആയിരുന്നു, അദ്ദേഹത്തിന്. പഠിപ്പിക്കുന്നതിലും ആ പാഷന്റെ സ്വാധീനം സുവ്യക്തമായിരുന്നു. പഠിപ്പിക്കുമ്പോൾത്തന്നെ പാഠഭാഗങ്ങളൊക്കെ വിദ്യാർത്ഥികളുടെ മനസിൽ പതിയും. പത്താംക്ലാസ് വരെ മലയാളം മീഡിയത്തിൽ പഠിച്ചുവന്ന ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ക്ലാസുകൾ പുതിയൊരു അനുഭവമായിരുന്നു. സിംപിൾ ഡീക്കമ്പോസിഷനും ഫോർമുലകളും റിയാക്ഷൻസുമൊക്കെ അത്രമേൽ രസകരമായി വിവരിക്കും. ഒരു പ്രത്യേക രീതിയിൽ പല്ല് കടിച്ചുപിടിച്ച് സ്ഫു‌ടതയോടെയാണ് അദ്ദേഹം ഓരോ വാക്കും ഉച്ചരിച്ചിരുന്നത്. കുട്ടികളുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ലളിതമായി വിവരിക്കുന്നതുകൊണ്ടാവണം അദ്ദേഹത്തിന്റെ ക്ലാസുകൾ ഒരിക്കലും മടുത്തിട്ടില്ല.

അതുകഴിഞ്ഞ് അദ്ദേഹം നൂക്ലിയർ കെമിസ്ട്രിയിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയി. പിഎച്ച്.ഡി എടുത്ത് ഏറെകാലം ആ രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചു. എന്നാൽ തികച്ചും യാദൃച്ഛികമായി നൂട്രീഷ്യൻ കെമിസ്ട്രിയിലേയ്ക്ക് ആകൃഷ്ടനായി. നൂക്ലിയർ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലത്താണ് നൂട്രീഷ്യൻ കെമിസ്ട്രിയുമായി ബന്ധം തുടങ്ങിയതെന്ന് ഓർക്കണം. പുതിയതെന്തും പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അങ്ങനെ അതും പഠിച്ചെടുത്തു. അതിലും പിഎച്ച്.ഡിയെടുത്തു.

അമേരിക്കയിലെ ഏറ്റവും വലിയ നൂട്രീഷ്യൻ കമ്പനിയുടെ തലപ്പത്തെത്തിയതും ഇതേ നിശ്ചയദാർഢ്യം കൊണ്ടാണ്. അതോടുകൂടി നൂട്രീഷ്യൻ കെമിസ്ട്രിയുടെ അമേരിക്കയിലെ പ്രധാന അതോറിറ്റിയായി. എന്തുകൊണ്ട് കുറേക്കൂടെ ഗുണനിലവാരമുള്ള ഒരു ഇൻഡസ്ട്രി സ്വന്തമായി തുടങ്ങി ഉത്പന്നം നിർമ്മിച്ചുകൂടാ എന്ന ചിന്ത വന്നത് അന്നാണ്. 2014-ൽ ഞാൻ വി.എസ്.എസ്.സി ഡയറക്ടർ ആയിരിക്കുമ്പോൾ അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. ഇഷ്ടത്തോടെ, കഷ്ടപ്പെട്ടു നേടിയെടുത്തതിനെക്കുറിച്ചുള്ള അനുഭവങ്ങളൊക്കെ അന്നാണ് പങ്കുവയ്ക്കുന്നത്.

ആത്മവിശ്വാസം

എന്ന ഖജനാവ്

മാർക്കറ്റിലുള്ള സ്റ്റാൻഡേഡ്, കമേഴ്ഷ്യൽ പ്രോഡക്ടുകളെക്കാൾ മികച്ചത് നിർമ്മിക്കാൻ തനിക്കു കഴിയുമെന്ന് അദ്ദേഹത്തിന് ഉറച്ച ആത്മവിശ്വാസമുണ്ടായിരന്നു. ഗുണമേന്മയിൽ ഏറ്റവും മികച്ചൊരു നൂട്രിയന്റ് റിച്ച് പ്രോഡക്ട് വികസിപ്പിച്ച് ചെറിയ തോതിൽ അത് വിപണിയിലെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. ആളുകൾക്കിടയിൽ അതിന്റെ ആവശ്യകത വളരെ വലുതാണെന്ന് തിരിച്ചറിഞ്ഞു. അമേരിക്കയിലെ ഡയബെറ്റിസ് രോഗികൾക്കിടയിൽ അത് പ്രശസ്തമായി. 24 മണിക്കൂറും ജോലി ചെയ്താലും തീരാത്തത്രയും ഡിമാൻഡ് ഉത്പന്നത്തിന് ഉണ്ടായതോടെ പുതിയ ഫാക്ടറി ചിക്കാഗോയിൽ തുടങ്ങി. എന്റെ മകൻ ചിക്കാഗോയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവനെ കാണാൻ പോയപ്പോൾ ഒരിക്കൽ ആ ഫാക്ടറിയും അദ്ദേഹത്തിന്റെ വീടും ഞാൻ സന്ദർശിച്ചിരുന്നു. കെമിക്കൽ എൻജിനിയറിംഗ് പഠിച്ചതുകൊണ്ടാവണം, അതിന്റെ പ്രവർത്തനത്തോടൊക്കെ എനിക്ക് വലിയ താത്പര്യമുണ്ടായിരുന്നു.

ലാളിത്യത്തിന്റെ

സമ്പന്നമുഖം

കായികപ്രതിഭകൾക്കുള്ള ഉത്പന്നങ്ങളും പ്രത്യേകമായി അദ്ദേഹം വികസിപ്പിച്ചിരുന്നു. അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു. അതിസമ്പന്നനായി. മുപ്പതുവർഷം മുൻപ് അദ്ദേഹം സ്വന്തം എയർക്രാഫ്റ്റ് പറത്തിയ വാർത്ത കേരളകൗമുദി വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. സമ്പന്നർ മാത്രം താമസിക്കുന്ന ഒരു കോളനിയിലായിരുന്നു യു.എസിൽ അദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ കാർ പാർക്കിംഗ് ഉള്ളതു പോലെ അവർക്ക് എയർക്രാഫ്റ്റ് പാർക്കിംഗ് സൗകര്യമുണ്ടായിരുന്നു. ഒരു സ്റ്റേറ്റിൽ നിന്ന് അടുത്ത സ്റ്റേറ്റിലേയ്ക്ക് എയർക്രാഫ്റ്റിലാണ് അദ്ദേഹം പോയിരുന്നത്. എന്നാൽ, അതിസമ്പന്നതയിലും ലാളിത്യം അദ്ദേഹം മുഖമുദ്ര‌യാക്കി. ഫൊക്കാനയുടെ (ഫെഡറേഷൻ ഒഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്നു. വ്യവസായത്തിൽ നിന്നു ലഭിച്ച പണത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്.

അന്നു പറഞ്ഞ

ആഗ്രഹം

2017-ലാണ് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചത്. അന്ന് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞിരുന്നു. അന്യനാട്ടിൽ കിടക്കാതെ സ്വന്തം നാട്ടിലൊരു ഫാക്ടറി തുടങ്ങണം. എസെൻ നൂട്രീഷ്യൻ കോർപ്പറേഷൻ എന്നായിരുന്നു യു.എസിലെ സ്ഥാപനത്തിന്റെ പേര്. എസെൻ നൂട്രീഷ്യൻ എന്ന പേരിൽ കേരളത്തിൽ സ്ഥാപനം തുടങ്ങാനായിരുന്നു മോഹം. എന്നാൽ അതിന് സാങ്കേതികമായി ഒരുപാട് നൂലാമാലകൾ വന്നു. കുറച്ച് വർഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ കോഴിക്കോട്ട് ഫാക്ടറി തുടങ്ങി. ഉദ്ഘാടനത്തിന് ഞാനും പോയിരുന്നു. മൃഗങ്ങളുടെ അസ്ഥിയിൽ നിന്നെടുത്ത ചില ഹൈ പ്രോട്ടീൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് പ്രയാസമായിരുന്നു. മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. കോഴിക്കോട്ടെ ഫാക്ടറിക്കായി അദ്ദേഹം നിക്ഷേപിച്ച പ്രയത്നവും ചെലവും വച്ച് നോക്കുമ്പോൾ പ്രതീക്ഷിച്ച രീതിയിൽ അത് വിജയിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരുപാട് മത്സരം നടക്കുന്ന മേഖലയാണ് ഫാർമസ്യൂട്ടിക്കൽസ് എന്നത്. ഉത്പന്നം വിറ്റുപോകാൻ അല്ലറചില്ലറ വിട്ടുവീഴ്ചകൾ ചെയ്യുന്നവരുണ്ട്. എന്നാൽ ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. 'ഡോക്ടർമാർക്ക് കൈക്കൂലി നൽകി എന്റെ ഉത്പന്നം വിജയിപ്പിക്കണ്ട" എന്ന് അദ്ദേഹം തുറന്നു പറയുമായിരുന്നു. ആദർശത്തിലൂന്നിയ ആ പ്രകൃതം അചഞ്ചലമായിരുന്നു. ഓച്ചിറയായിരുന്നു അദ്ദേഹത്തിന്റെ സ്വദേശം. നൂട്രിയന്റ്സുമായി ബന്ധപ്പെട്ട് ക്ലാസുകളും എടുക്കുമായിരുന്നു. എന്റെ ഭാര്യയ്ക്കും നൂട്രിയന്റ് സാംപിളുകൾ നൽകിയത് ഓർക്കുന്നു.

വർക്കല കോളേജിൽ,​ ഞാനുൾപ്പെടെയുള്ള ആദ്യ ബാച്ചിലെ കുട്ടികളോട് അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം വർക്കല ഗസ്റ്റ് ഹൗസിൽ വച്ച് ഒരു പാർട്ടി നൽകിയതും ഓർക്കുന്നു. പ്രിയപ്പെട്ട ഗുരുനാഥന്റെ ഓർമ്മകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.

(വി.എസ്.എസ്.സി മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമാണ് ലേഖകൻ )

TAGS: ANIRUDHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.