SignIn
Kerala Kaumudi Online
Monday, 21 July 2025 3.46 AM IST

നടുവൊടിക്കുന്ന ചെലവ്; നട്ടംതിരി‌ഞ്ഞ് നെൽകർഷകർ

Increase Font Size Decrease Font Size Print Page
agri

സംസ്ഥാനത്ത് ഒന്നാംവിളയിറക്കിയ നെൽകർഷകർ അധികച്ചെലവിൽ നട്ടംതിരിയുന്നു. ഒരേക്കറിൽ 25,000-30,000 രൂപ ചെലവാക്കി കൃഷിയിറക്കി വിളവെടുത്തിരുന്ന കാലംമാറി. ആകെ ചെലവ് 35,000 - 40,000 രൂപ കടക്കുന്ന സ്ഥിതിയാണെന്നും ഇത്തവണ കൃഷി പകുതിയാകുമ്പോഴേക്കും ഏക്കറിന് അയ്യായിരം രൂപയിലേറെ അധിക ചെലവുണ്ടാകുമെന്നും കർഷകർ ആവലാതി പറയുന്നു.

ഒന്നാംവിള സീസണിന്റെ ആരംഭത്തിൽ തന്നെ അപ്രതീക്ഷിതമായി തിമിർത്തുപെയ്ത മഴ തുടക്കത്തിലേ താളപ്പിഴയുണ്ടാക്കി. വിതയും നടീലും കഴിഞ്ഞ പാടങ്ങൾ ദിവസങ്ങളോളം വെള്ളത്തിനടിയിലായി. ഇതോടെ, ഭൂരിഭാഗം നെൽകർഷകർക്കും രണ്ടും മൂന്നും തവണ കൃഷിയിറക്കേണ്ട സ്ഥിതിയുണ്ടായി. വിത്തുവാങ്ങാനും നിലമൊരുക്കാനും എല്ലാമായി രണ്ടാമതും വലിയൊരു തുക ചെലവാക്കിയത് കർഷകരുടെ നട്ടെല്ലൊടിച്ചുവെന്നതാണ് യാഥാർത്ഥ്യം.

ഇതിനിടെയാണ്, ഇരുട്ടടിയായി രാസവളത്തിന്റെ വില കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയത്. നിലവിൽ പൊട്ടാഷിനും പൊട്ടാഷും നൈട്രജനും ഫോസ്ഫറസുമടങ്ങുന്ന കൂട്ടുവളത്തിനും ചാക്കിന് 50 മുതൽ 300വരെ രൂപ വിലകൂടിയിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം വയലിൽ ഒരു ചാക്ക് രാസവളമിടാനുള്ള കൂലി 500 രൂപയായി ഉയർന്നതും തിരിച്ചടിയായി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുണ്ടാവുന്ന കളയും മഞ്ഞളിപ്പുപോലുള്ള രോഗങ്ങളുമെല്ലാം കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനുപുറമേയാണ് ഞണ്ട്, എലി, പന്നി, മയിൽ, ആന പോലുള്ളവയുടെ ശല്യം. മുൻകാലങ്ങളെ അപേക്ഷിച്ച് കൃഷിപ്പണിക്ക് ചെലവ് ഇരട്ടിയായതോടെ ഒന്നാംവിള സീസൺതന്നെ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നെല്ലറയിലെ കർഷകർ.

ഒരേക്കറിൽ കൃഷിയിറക്കാനുള്ള ചെലവ്

1. നിലമൊരുക്കൽ: ട്രാക്ടറിന് മണിക്കൂറിന് 1,100 രൂപയാണ് കൂലി. ഒരേക്കർ നിലമൊരുക്കാൻ നാലോ അഞ്ചോ മണിക്കൂർ സമയമെടുക്കും. ഈ ഇനത്തിൽ ശരാശരി 4,400 - 5,500 രൂപവരെ ചെലവുണ്ട്.

2. വിത്ത്: ഒരുകിലോ വിത്തിന് 42 രൂപയാണ് സർക്കാർ പ്രഖ്യാപിച്ച വില. അതത് തദ്ദേശസ്ഥാപനങ്ങൾ 10 മുതൽ 25 രൂപവരെ സബ്സിഡിയോടെയാണ് വിത്ത് നൽകാറുള്ളത്. ഏക്കറിന് 32 കിലോഗ്രാം വിത്തുവേണം. കിലോയ്ക്ക് 30 രൂപയ്ക്ക് വിത്തുലഭിച്ചാൽത്തന്നെ, 960 രൂപ നൽകണം.

3. ഞാറുപാകലും വരമ്പ് വൃത്തിയാക്കലും: ഈ ജോലികൾക്കായി രണ്ട്‌ തൊഴിലാളികളെങ്കിലും വേണം. കൂലി 1,500 രൂപ.

4. നടീൽ: പ്രാദേശിക തൊഴിലാളികളാണെങ്കിൽ ഒരുദിവസംകൊണ്ട് നടീൽ തീർക്കാൻ 12 - 15 പേർ വേണം. ഇത്രയും പേർക്ക് കൂലിയിനത്തിൽ 5,500 രൂപയോളമാവും. അന്യസംസ്ഥാന തൊഴിലാളികൾ ആണെങ്കിൽ കരാറടിസ്ഥാനത്തിൽ 4,300 - 4,500 രൂപയ്ക്ക് പണിചെയ്യുന്നുണ്ട്. വിതയ്ക്കുകയാണെങ്കിൽ 1,000 രൂപയേ വരൂ. പക്ഷേ ഇരിഞ്ഞുതറയ്ക്കൽ, കളപറിക്കൽ എന്നിവയ്ക്ക് കൂടുതൽ തുകയാകും.

5. കളനാശിനിയും കളപറിയും: ഒരേക്കറിനാവശ്യമായ നാലുകിലോ കളനാശിനിക്ക് 850 രൂപയാണ് വില. കളപറിക്കാൻ കുറഞ്ഞത് അഞ്ചോ ആറോ തൊഴിലാളികൾ വേണം. കൂലി 4,000 രൂപയോളംവരും.

6. വളമിടൽ: 50 കിലോ കൂട്ടുവളത്തിന്റെ ചാക്കിന് 1,425 രൂപയുണ്ട്. ഒരുമാസംമുൻപ് 1,300 രൂപയായിരുന്നു. പൊട്ടാഷ് ഒരുചാക്കിന് 1,950 രൂപയുണ്ട്. ഒരുമാസം മുൻപ് 1,700 രൂപയിരുന്നു. സീസണിൽ കൂട്ടുവളം രണ്ടുചാക്കുവീതവും പൊട്ടാഷ് ഒരുചാക്കുവീതവും പ്രയോഗിക്കണം. 6,750 രൂപയോളം വളത്തിനുമാത്രം നൽകണം. വളമിടാൻ കൂലി പുറമേ.

7. കീടനാശിനി പ്രയോഗം: കീടങ്ങളെ പ്രതിരോധിക്കാനുള്ള കീടനാശിനിക്കും കൂലിക്കുമായി 1,500 രൂപയാവും. രണ്ടുതവണ പ്രയോഗിക്കുമെന്നതിനാൽ 3,000 രൂപ ചെലവുവരും. ഉമ വിത്താണ് ഉപയോഗിച്ചതെങ്കിൽ വാരിപ്പൂവ് പ്രശ്നം പരിഹരിക്കാൻ 1,500 രൂപ അധികം ചെലവാകും.

8. കൊയ്ത്ത്: വിളഞ്ഞ നെല്ല് കൊയ്തെടുക്കാൻ കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിന് 2,300 - 2,500 രൂപ ചെലവുണ്ട്. ശരാശരി ഏക്കറിന് ഒരുമണിക്കൂർ യന്ത്രം പ്രവർത്തിപ്പിക്കണം.

9. നെല്ലുണക്കലും കയറ്റലും: കൊയ്ത നെല്ല് സൂക്ഷിക്കുന്ന കളത്തിലെത്തിക്കാൻ ട്രാക്ടറിന് ശരാശരി 600 രൂപ വാടകയാകും. നെല്ലുണക്കാനും ചാക്കിലാക്കാനും മൂവായിരത്തിലേറെ രൂപ ചെലവുണ്ട്. സപ്ലൈകോയ്ക്ക് നെല്ലുകയറ്റുമ്പോൾ ചാക്കിന് 25 രൂപ ചുമട്ടുകൂലിയും നൽകണം. ശരാശരി ഒരേക്കറിൽനിന്ന് 35 - 45 ചാക്ക് നെല്ലെങ്കിലും കൊയ്തെടുക്കാനാവും.

വളങ്ങൾ കിട്ടിനില്ല

വളത്തിന്‌ തീവിലയായതോടെ പ്രതിസന്ധിയിലായത് കർഷകരാണ്. ഒന്നാംവിള കൃഷി ആരംഭിച്ച്‌ വളമിടലിന്‌ സമയമായപ്പോഴാണ്‌ അപ്രതീക്ഷിതമായ വളക്ഷാമം. യൂ​റി​യ, ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ്‌ എ​ന്നി​വയാണ്‌ കി​ട്ടാ​നില്ലാത്തത്‌. നെൽ​ച്ചെ​ടി​കളുടെ വളർച്ചയ്ക്ക്‌ കൂട്ടുവളങ്ങൾ നൽകേണ്ട സമയമാണിപ്പോൾ. ഏ​ക്ക​റി​ന് 50 കി​ലോ ഫാ​ക്ടം​ഫോ​സ്, 20 കി​ലോ പൊ​ട്ടാ​ഷ്, 15 മു​ത​ൽ 25 കി​ലോവരെ യൂ​റി​യ എന്നിങ്ങനെയാണ്‌ വളപ്രയോഗം. ഇത്‌ കൃത്യമായി നടത്താനാകാതെയായാൽ വി​​ള​വ്‌ മോശമാകുമെന്ന ആശങ്കയിലാണ്‌ കർഷകർ. രണ്ടാംഘട്ടത്തിൽ നൽകേണ്ട യൂറിയയും കിട്ടാനില്ല. മേയ്‌ അവസാനം പെയ്‌ത കനത്തമഴയിൽ വിതച്ച നെല്ല്‌ നഷ്ടമായവർ കൃഷിവകുപ്പിന്റെ സഹായത്തോടെയാണ്‌ വീണ്ടും വിത്തിറക്കിയത്‌. രണ്ടാമതും ഞാറ്റടി ഒരുക്കിയതിനടക്കം കൂടുതൽ തുക ചെലവഴിക്കേണ്ടിവന്ന കർഷകർ വിളവുകൂടി കുറഞ്ഞാൽ കടുത്ത പ്രതിസന്ധിയിലാകും.

വില ഉയർത്തി കമ്പനികൾ

കർഷകരുടെ നടുവൊടിച്ച്‌ രാസവളം കമ്പനികൾ വില കുത്തനെ ഉയർത്തുകയാണ്‌. 2015ൽ 300 രൂപയുണ്ടായിരുന്ന പൊട്ടാഷ്‌ ചാക്കിന്‌ ഇപ്പോൾ 1950 രൂപ നൽകണം. 2022ൽ 950 രൂപയായിരുന്ന വില മൂന്നുവർഷംകൊണ്ട്‌ ഇരട്ടിയോളമായി. 2024ൽ 1300 ആയിരുന്ന ഫാക്ടംഫോസ്‌ 1475 ആയി. യൂറിയ സബ്‌സിഡി നിരക്കിൽ 300 രൂപയ്ക്കാണ്‌ ലഭിക്കുന്നത്‌. 260 ആയിരുന്നതാണ്‌ 300ൽ എത്തിയത്‌. പ്ര​തി​സ​ന്ധി മ​റ​യാ​ക്കി ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ കൂ​ട്ടു​വ​ള​ങ്ങ​ളും ജൈ​വ​വ​ള​ങ്ങ​ളും ക​ർ​ഷ​കരെക്കൊണ്ട്‌ വാങ്ങിപ്പിക്കാനും നീക്കമുണ്ട്‌.

സബ്സിഡി കുറയുന്നു

കേന്ദ്രബഡ്ജറ്റിൽ സബ്സിഡി കുറച്ചതുമൂലം ഫോസ്‌ഫേറ്റും പൊട്ടാഷും കലർന്ന രാസവളങ്ങളുടെ വില കൂടിയേക്കുമെന്ന് നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. പൂർണമായും ഇറക്കുമതി ചെയ്യുന്ന വളങ്ങളായതിനാൽ വില പിടിച്ചുനിറുത്താൻ സബ്സിഡി ഉയർത്തുകയായിരുന്നു വേണ്ടത്. യൂറിയയ്ക്കുള്ള സബ്സിഡി മുൻവർഷങ്ങളിലേതുപോലെ നിലനിറുത്തിയെങ്കിലും ഫോസ്‌ഫേറ്റും പൊട്ടാഷും ഉൾപ്പെടുന്ന വളങ്ങൾക്കുള്ള സബ്സിഡിയിൽ 3,310 കോടിയുടെ കുറവുണ്ട്.

ഇത്തവണ രാസവളത്തിന് ആകെ അനുവദിച്ച സബ്സിഡി 1,67,887 കോടിയാണ്. മുൻവർഷം 1,71,298 കോടിയായിരുന്നു. ആകെ സബ്സിഡിയിലും 4,411 കോടി രൂപയുടെ കുറവുണ്ട്. ഈ കഴിഞ്ഞ കേന്ദ്രബ‌ഡ്ജറ്റിൽ ഫോസ്‌ഫേറ്റും പൊട്ടാഷും ചേർന്ന വളങ്ങൾക്കുള്ള സബ്സിഡിയായി 49,000 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മുൻ വർഷം ഇത് 52,310 കോടിയായിരുന്നു. 2023 - 24 ബജറ്റിൽ 65,199 കോടിയായിരുന്നു. 2024ൽ 45,000 കോടിയാണ് സബ്സിഡിയായി നൽകിയത്. കഴിഞ്ഞ മൂന്നുവർഷമായി സബ്സിഡി കുറയുകയാണ്.

TAGS: PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.