ന്യൂഡൽഹി: ഇന്ത്യയുടെ അഞ്ചാംതലമുറ സ്റ്റെൽത്ത് വിമാനത്തിന് ഫ്രഞ്ച് കമ്പനി സഫ്രാനുമായി ചേർന്ന് എൻജിൻ വികസിപ്പിക്കും. 61,000 കോടിയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. സാങ്കേതികവിദ്യാ കൈമാറ്റമടക്കമാണ് കരാർ. മേയ്‌ക്ക് ഇൻ ഇന്ത്യയിലാണ് നിർമ്മാണം.
സ്വന്തമായി നിർമ്മിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോമ്പാക്‌റ്റ് എയർക്രാഫ്റ്റ് (ആംക) 2035ൽ സേനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. 120 കിലോന്യൂട്ടൺ ത്രസ്റ്റ് എൻജിനാണ് വേണ്ടത്. അമേരിക്കയുടെ എഫ്- 35നും റഷ്യയുടെ എസ്.യു- 57നും ഇത്രയും ശക്തിയുള്ള എൻജിനാണ്.
തേജസ് മാർക്ക് 2ന് 120 കെ.എൻ എൻജിൻ നൽകാമെന്നും ഫ്രാൻസ് സമ്മതിച്ചിട്ടുണ്ട്. യു.എസിലെ ജി.ഇ കമ്പനിയുടെ എൻജിനാണ് തേജസ്- 1ലും മാർക്ക് 2ലും ഉപയോഗിക്കുന്നത്. 4.5 തലമുറ ഫൈറ്ററാണ് മാർക്ക് 2. യു.കെ കമ്പനിയായ റോൾസ് റോയ്‌സും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ സാങ്കേതികവിദ്യാ കൈമാറ്റത്തിന് അവർ തയ്യാറായില്ല. സമയക്രമം പാലിക്കുന്നതിലും ഉറപ്പു നൽകിയില്ല.
കാവേരി വൈകും
ഇന്ത്യ തദ്ദേശീയമായി കാവേരി യുദ്ധവിമാന എൻജിൻ വികസിപ്പിക്കുന്നുണ്ട്
ഡി.ആർ.ഡി.ഒയ്ക്ക് കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിനാണ് ചുമതല
പക്ഷേ, പ്രതീക്ഷിച്ച വേഗം കൈവരിച്ചില്ല. തുടർന്നാണ് സഫ്രാനുമായി ധാരണയായത്
ആളില്ലാവിമാനങ്ങൾക്ക് കാവേരി എൻജിൻ ആദ്യം ഉപയോഗിക്കാനാണ് തീരുമാനം
250 സ്റ്റെൽത്ത്
10 വർഷത്തിനകം
ഇന്ത്യയുടെ ലക്ഷ്യം 2035നകം 250 അത്യാധുനിക ഫൈറ്ററുകളാണ്. ചൈന ജെ- 35 അഞ്ചാം തലമുറ വിമാനങ്ങൾ പാകിസ്ഥാന് നൽകുമെന്ന് റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |