വികസനത്തെ തമസ്ക്കരിക്കില്ല
കണ്ണൂർ: ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പാർക്കിന്റെ ശിലാഫലകം മാറ്റി, പകരം തന്റെ പേരിലുള്ളത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂർ ഡി.ടി.പി.സിക്ക് കീഴിലുള്ള സീവ്യൂ പാർക്കിൽ, മുൻ സർക്കാരിന്റെ കാലത്തെ നവീകരണ പ്രവർത്തനത്തിന്റെ ശിലാഫലകം മാറ്റിവച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും സംഭവത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
2022 മാർച്ച് ആറിനായിരുന്നു നവീകരിച്ച സീവ്യൂ പാർക്കിന്റെ ഉദ്ഘാടനം. ടൂറിസം മന്ത്രി എന്ന നിലയിൽ ചടങ്ങിൽ പങ്കെടുത്തു. മുൻ സർക്കാരുകളുടെ കാലത്തുനടന്ന വികസനപ്രവർത്തനങ്ങൾ തമസ്‌ക്കരിക്കുന്ന രീതി തങ്ങൾ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിന് പിന്നിലെ വാക്ക്‌വേയിലെ ശിലാഫലകത്തിന്റെ പേരിലാണ് ടൂറിസം വകുപ്പിനെതിരെ കോൺഗ്രസ് രംഗത്തെത്തിയത്. മാറ്റിവച്ച പഴയ ഫലകം കോൺഗ്രസ് നേതാക്കളെത്തി പുനഃസ്ഥാപിക്കുകയും ചെയ്തു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2015ലായിരുന്നു വാക്ക്‌വേയുടെ ഉദ്ഘാടനം. സമുദ്രനിരപ്പിൽ നിന്ന് അല്‍പം ഉയരത്തിൽ കടൽക്കാഴ്ച കണ്ടിരിക്കാനാകുന്ന പാർക്കാണിത്. തൊട്ടടുത്ത ഗസ്റ്റ് ഹൗസ് കെട്ടിടത്തോട് ചേർന്നുള്ള മതിലിലാണ് ഉമ്മൻചാണ്ടിയുടെ പേരുള്ള ഫലകം സ്ഥാപിച്ചത്. ഇത് എടുത്തുമാറ്റിയത് ടൂറിസം വകുപ്പാണെന്നാണ് കോൺഗ്രസ് പരാതി. 2022ൽ പാർക്ക് നവീകരിച്ചപ്പോൾ, മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തെന്ന ഫലകം പകരം വച്ചു. കഴിഞ്ഞദിവസമാണ് ഇത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉമ്മൻചാണ്ടിയുടെ പേരുള്ളത് ആരും കാണാത്ത മൂലയിലേക്ക് മാറ്റിവച്ചത് അദ്ദേഹത്തെ അവഹേളിച്ചതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പുനരുദ്ധാരണ പ്രവൃത്തി ചെയ്ത തൊഴിലാളികൾ പഴയ ഫലകം പുതിയതിനൊപ്പം വയ്ക്കാൻ മറന്നുപോയതാകാമെന്നാണ് ജില്ലാ ടൂറിസം അധികൃതരുടെ വിശദീകരണം. സ്ഥലമില്ലാത്തതുകൊണ്ട് പഴയ ഫലകം മാറ്റി വച്ചതാകാമെന്നും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |