തിരുവനന്തപുരം: വഴുതക്കാട് ഈശ്വരവിലാസം റോഡിലുള്ള അഞ്ജനത്തിൽ ഇന്നലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ.ആന്റണിയും ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ പത്ത് മിനിട്ട് നീണ്ട ചർച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെ. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും കെ.പി.സി.സി പ്രസിഡന്റും ഉൾപ്പെടെയുള്ളവരെ മാറ്റി നിറുത്തിയിട്ടാണ് അടച്ചിട്ട മുറിയിൽ ഇരുവരും ചർച്ച നടത്തിയത്.
ഡി.സി.സി, കെ.പി.സി.സി പുനഃസംഘടന, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രധാന്യമുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാവാണെങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ആന്റണി തിരുവനന്തപുരത്തെ വീട്ടിലാണ്. വൈകുന്നേരങ്ങളിൽ കെ.പി.സി.സി ആസ്ഥാനത്തേക്കുള്ള യാത്ര ഒഴിച്ചാൽ മറ്റു രാഷ്ട്രീയ പരിപാടികളിലും സജീവമല്ല. എന്നാൽ സംഘടനാപരമായി കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളിൽ നിശബ്ദ സ്വാധീനമായി ഇപ്പോഴും സജീവമാണ് എ.കെ. കേരളത്തിന്റെ കാര്യത്തിൽ എന്ത് നിർണായക തീരുമാനം കൈക്കൊള്ളുമ്പോഴും അവസാന വാക്ക് ആന്റണിയുടേതാണ്. കഴിഞ്ഞ കെ.പി.സി.സി അദ്ധ്യക്ഷ മാറ്റ സമയത്തും ആന്റണിയുടെ മനസ് കൂടി അറിഞ്ഞിട്ടാണ് അന്തിമ തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രധാന സന്ദർഭങ്ങളിലെല്ലാം എ.കെയുമായി ഫോണിൽ ബന്ധപ്പെട്ട് ആശയ വിനിമയം നടത്തിയ ശേഷമാണ് തീരുമാനങ്ങൾ കൈക്കൊള്ളുക. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ആന്റണി തിരുവനന്തപുരത്തേക്ക് താവളം മാറ്റിയത്. ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ഫോണിലൂടെ ബന്ധപ്പെടാറുണ്ട്.
എന്നാൽ,,കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത ശേഷം,രാഹുൽഗാന്ധി തലസ്ഥാനത്തെത്തി ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയത് അനതി വിദൂര ഭാവിയിൽ ഉണ്ടായേക്കാവുന്ന ചില തീരുമാനങ്ങളുടെ ഭാഗമായി
വിലയിരുത്തപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |