കൊല്ലം: തേവലക്കര ഹൈസ്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറിക്ക് അരികിലൂടെ പോകുന്ന ത്രീ ഫേസ് ലൈൻ മാറ്റിയ ശേഷമേ സ്കൂൾ തുറക്കാവൂയെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ. കമ്മിഷൻ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കെ.വി. മനോജ്കുമാർ,കമ്മിഷനംഗം ഡോ.എഫ്. വിൽസൺ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധനയും മൊഴിയെടുപ്പും നടന്നു.
പരിശോധനയ്ക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി,സ്കൂൾ മാനേജ്മെന്റ്,ശാസ്താംകോട്ട ഡിവൈ.എസ്.പി,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് സ്കൂളിൽ നടന്ന യോഗത്തിൽ ലൈൻ മാറ്റി സ്ഥാപിക്കാൻ ബാലാവകാശ കമ്മിഷൻ തയ്യാറാക്കിയ പ്ലാനും അവതരിപ്പിച്ചു. തൊട്ടടുത്തുള്ള തേവലക്കര ഗേൾസ് സ്കൂളിലേക്കുള്ളതാണ് ലൈൻ. അതിൽ നിന്ന് സിംഗിൾ ഫേസ് ലൈൻ സമീപത്തെ വീട്ടിലേക്കും പോകുന്നുണ്ട്. രണ്ടിടങ്ങളിലേക്കുമുള്ള വഴികളിൽ പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് ലൈനുകൾ അതുവഴിയാക്കാൻ കമ്മിഷൻ നിർദ്ദേശം നൽകി.
വൈദ്യുതി ലൈൻ മാറ്റാനുള്ള അപേക്ഷ സ്കൂൾ മാനേജ്മെന്റ് അധികൃതർ കെ.എസ്.ഇ.ബിക്ക് കൈമാറി. മിഥുന്റെ ക്ലാസിലെ കുട്ടികൾക്കും സംഭവത്തിന്റെ ദൃക്സാക്ഷികളായ കുട്ടികൾക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലിംഗ് നൽകും. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനൽ വെള്ളിമൺ,ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻദേവ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |