പത്തനംതിട്ട: കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പഴയ കെട്ടിടം മഴയിൽ തകർന്നു വീണു. ഉപയോഗിക്കാതിരുന്ന കെട്ടിടമാണിത്. എന്നാൽ സ്കൂൾ സമയങ്ങളിൽ കുട്ടികളും വൈകിട്ട് നാട്ടിലെ യുവാക്കളും ഗ്രൗണ്ടിൽ കളിച്ച ശേഷം ഇവിടെ വിശ്രമിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയിലുണ്ടായ മഴയിലാണ് കെട്ടിടത്തിലെ രണ്ട് മുറികൾ നിലംപൊത്തിയത്. എൺപത് വർഷത്തോളം പഴക്കമുണ്ട്.
നേരത്തെ ഹയർ സെക്കൻഡറി വിഭാഗം ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. രണ്ടു വർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പഴയ കെട്ടിടം പൊളിച്ച് ഇവിടെ മിനി സ്റ്റേഡിയം നിർമ്മിക്കാൻ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ നാട്ടുകാർ അപേക്ഷ നൽകിയതിനെ തുടർന്ന് ടെൻഡർ നടപടികൾ തുടങ്ങിയതായി പഞ്ചായത്തംഗം മണിയൻ പറഞ്ഞു. 28നാണ് ലേലം. കെട്ടിടം അപകടാവസ്ഥയിലായതിനാൽ ആരും ഇവിടേക്ക് പോകരുതെന്ന് അറിയിച്ചിരുന്നതായി ഹെഡ്മിസ്ട്രസ് ആർ. ശ്രീലത പറഞ്ഞു. സംഭവസ്ഥലം വില്ലേജ്,പൊലീസ്,വിദ്യാഭ്യാസ അധികൃതർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |