കൊല്ലം: തേവലക്ര ബോയ്സ് സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റു മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെയും സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും ഭാഗത്ത് വീഴ്ച ആരോപിച്ച് ഇന്നലെ സ്കൂളിന് മുന്നിൽ പ്രതിഷേധങ്ങളുടെ തിരമാലയായിരുന്നു. പ്രതിഷേധ മാർച്ചുകളെല്ലാം സംഘർഷങ്ങളിലേക്ക് നീങ്ങി. പൊലീസ് ലാത്തിച്ചാർജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.
രാവിലെ യുവമോർച്ച പ്രവർത്തകരാണ് സ്കൂളിന് മുന്നിലേക്ക് ഇരമ്പിയെത്തിയത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന അഞ്ച് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. അതിന് പിന്നാലെ ആർ.വൈ.എഫിന്റെ പ്രതിഷേധ പ്രകടനമെത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർ.വൈ.എഫ് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമായി. സ്കൂൾ ഗേറ്റ് ചാടക്കിടക്കാൻ ശ്രമിച്ച 4 പേരെ അറസ്റ്റ് ചെയ്തു നീക്കി. അതിന് പിന്നാലെ റോഡ് ഉപരോധിച്ച സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ സെക്രട്ടറി ഫെബി സ്റ്റാലിൻ തുടങ്ങിവരെയും അറസ്റ്റ് ചെയ്തു.
ഉച്ചയ്ക്ക് 12. ഓടെ നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകരുടെ മാർച്ചെത്തി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണനും ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറും പ്രസംഗിച്ച് കഴിഞ്ഞതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ പിടിവലിയായി. ഇതിനിടെ പെൺകുട്ടികളടക്കം ബാരിക്കേഡിന് മുകളിലേക്ക് കയറി. ഇതോടെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും നടത്തി. പിന്തിരിഞ്ഞ് അല്പം ദൂരേക്ക് മാറിയ പ്രവർത്തകർ വീണ്ടും തിരിച്ചെത്തി പ്രതിഷേധം തുടർന്നതോടെ പൊലീസ് ലാത്തിച്ചാർജ്ജിനൊപ്പം ജലപീരങ്കിയും പ്രയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ പുത്തയം, ജില്ലാ നേതാക്കളായ ഗൗരി, മീനാക്ഷി, അമൃതപ്രിയ, എന്നിവർക്ക് പരിക്കേറ്റു. 30 ഓളം പേരെ അറസ്റ്റ് ചെയ്തു നീക്കി.
മന്ത്രിക്ക് നേരെ കരിങ്കൊടി
മിഥുന്റെ വീട്ടിലേക്ക് പോകുന്നതിനിടെ മന്ത്രി ശിവൻകുട്ടിക്ക് നേരേ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, ആർ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ കോവൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |