കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനമായും മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നത്. ഇതിൽ വിദ്യാഭ്യാസ വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെ അന്വേഷണം പൂർത്തിയായി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
ശാസ്താംകോട്ട ഡിവൈ.എസ്.പി മുകേഷിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. ശാസ്താംകോട്ട സി.ഐ അനീസ്, എസ്.ഐമാരായ ഷാനവാസ്, രഘു, ഹരി എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിലും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ അന്വേഷണം
പല ക്ലാസ് മുറികളും ശോചനീയവസ്ഥയിലാണെന്നതിനു പുറമേ അനുമതിയില്ലാതെ സൈക്കിൾ ഷെഡ് അടക്കം നിർമ്മിച്ച തേവലക്കര ബോയ്സ് സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിൽ തദ്ദേശ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
മൈനാഗപ്പള്ളി പഞ്ചായത്തിലെ അസി. എൻജിനിയർ തേവലക്കര ബോയ്സ് സ്കൂളിൽ ആകെയുള്ള ഏഴ് കെട്ടിടങ്ങൾക്കും അദ്ധ്യയന വർഷാരംഭത്തിന് മുൻപ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടിവ് എൻജിനിയർ ജൂല, ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ സ്കൂളിലെ കെട്ടിടങ്ങളും സൈക്കിൾ ഷെഡും പരിശോധിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിലെത്തി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖകൾ പരിശോധിച്ചു. അസി. എൻജിനിയറിൽ നിന്നും വിവരങ്ങളും ആരാഞ്ഞു. റിപ്പോർട്ട് വൈകാതെ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |