കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ കഴിഞ്ഞ വർഷം ജൂലായിൽ സൗര്യ എയർലൈൻസിന്റെ ചെറു വിമാനം തകർന്ന് 18 പേർ കൊല്ലപ്പെട്ട ദുരന്തത്തിലേക്ക് നയിച്ചത് ഫ്ലൈറ്റ് ഡോക്യുമെന്റേഷനിലെ ടേക്ക് ഓഫ് വേഗത സംബന്ധിച്ച തെറ്റായ വിവരങ്ങളെന്ന് കണ്ടെത്തൽ.
സർക്കാർ നിയോഗിച്ച അന്വേഷണ പാനലിന്റേതാണ് നിഗമനം. രാജ്യത്തെ എല്ലാ എയർലൈനുകളും അവരുടെ സ്പീഡ് കാർഡുകൾ പുനഃപരിശോധിക്കാനും കാർഗോ, ബാഗേജ് കൈകാര്യം ചെയ്യലിനുള്ള മാനദണ്ഡങ്ങൾ പാലിക്കാനും അന്വേഷണ പാനൽ ശുപാർശ ചെയ്തു.
ആവശ്യമായ വേഗത കൈവരിക്കുന്നതിന് മുന്നേ വിമാനം ടേക്ക് ഓഫ് നടത്തി. വിമാനത്തിന്റെ സ്പീഡ് കാർഡിലുണ്ടായിരുന്ന തെറ്റുകൾ ആരും ശ്രദ്ധിച്ചില്ലെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ എയർലൈൻ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു പ്രത്യേക വിമാനത്തിന്, പറന്നുയരുമ്പോഴും, ലാൻഡിംഗ് ചെയ്യുമ്പോഴും ആവശ്യമായ വേഗത സംബന്ധിച്ച വിവരങ്ങൾ നൽകുന്ന രേഖയാണ് സ്പീഡ് കാർഡ്. അപകടത്തിൽ ഗുരുതര പരിക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. 50 സീറ്റുള്ള ബൊംബാർഡിയർ സി.ആർ.ജെ - 200 വിമാനം തെറ്റായ ദിശയിലേക്കാണ് പറന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
# അടർന്നുമാറിയ കോക്ക്പിറ്റ്
2024 ജൂലായ് ജൂലായ് 24ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കായി പൊഖാറയിലേക്ക് പറന്ന വിമാനം ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി നിലത്ത് ഇടിച്ച് തകർന്ന് തീപിടിച്ചു. ആളിക്കത്തിയ അവശിഷ്ടങ്ങളിൽ നിന്ന് പൈലറ്റിനെ മാത്രം പുറത്തെടുക്കാനായി.
കോക്ക്‌പിറ്റ് അടർന്നുമാറിയതാണ് പൈലറ്റിന് രക്ഷയായത്. അറ്റക്കുറ്റപ്പണികൾക്കുള്ള ഉപകരണങ്ങൾ സൂക്ഷിച്ച ഒരു കണ്ടെയ്നർ റൺവേയ്ക്ക് പുറത്തുണ്ടായിരുന്നു. ഇതിലേക്ക് വിമാനം ഇടിച്ച പിന്നാലെയാണ് കോക്ക്പിറ്റ് അടർന്നുമാറിയത്. കോക്ക്പിറ്റ് മാത്രം കണ്ടെയ്നറിൽ കുടുങ്ങി. തെറിച്ചുമാറിയ വിമാനത്തിന്റെ ബാക്കി ഭാഗം ചിതറിത്തെറിച്ചു. സെക്കൻഡുകൾക്കുള്ളിൽ തീപിടിച്ചു.
മരിച്ചവരിൽ ചിലർ തിരിച്ചറിയാൻ പോലുമാകാത്ത വിധം കത്തിക്കരിഞ്ഞു.എയർലൈനിന്റെ 17 ജീവനക്കാരും പൈലറ്റ് അടക്കം രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഒരാൾ യെമൻ പൗരനായ എൻജിനിയർ ആയിരുന്നു.
# നിലയ്ക്കാതെ ദുരന്തങ്ങൾ
നേപ്പാൾ വ്യോമസുരക്ഷ ഏറ്റവും കുറഞ്ഞ രാജ്യം
ലോകത്തെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങൾ
കാലാവസ്ഥയും പർവ്വതങ്ങളും ഭീഷണി
2023ൽ യതി എയർലൈൻസ് വിമാനം തകർന്ന് 72 മരണം
1992ൽ പാക് വിമാനം തകർന്ന് 167 മരണം
ത്രിഭുവൻ വിമാനത്താവളത്തിലെ ലാൻഡിംഗും ടേക്ക് ഓഫും അപകടകരം
ത്രിഭുവൻ അടക്കം നേപ്പാളിൽ 7 വിമാനത്താവളങ്ങളിൽ ടേബിൾ ടോപ് റൺവേ (കുന്നിൽ മുകളിൽ മേശപ്പുറം പോലെ റൺവേ. അറ്റത്തോ ചുറ്റിലുമോ കുത്തനെ താഴ്ച)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |