പത്തനംതിട്ട: ഡ്യൂട്ടിക്ക് മുൻപ് നടത്തിയ ബ്രത്തലൈസർ പരിശോധനയിൽ പന്തളം ഡിപ്പോയിലെ മൂന്ന് ജീവനക്കാർ കുടുങ്ങി. വില്ലനായത് ചക്കപ്പഴവും. മദ്യപിച്ചില്ലെന്ന് ഇവർ ആവർത്തിച്ച് പറഞ്ഞിട്ടും ബ്രത്തലൈസർ സ്ഥിരീകരിച്ചതിനാൽ മേലുദ്യോഗസ്ഥർക്ക് തള്ളാൻ കഴിയാത്ത അവസ്ഥയുമായി. തുടർന്ന് ഒരു സൂത്രം ചെയ്തതോടെയാണ് ജീവനക്കാരുടെ നിരപരാധിത്വം തെളിഞ്ഞത്.
പരിശോധനയിൽ മദ്യപിച്ചില്ലെന്ന് തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിപ്പിച്ച് നേരത്തെ കുടുങ്ങിയവർ കഴിച്ച തേൻവരിക്ക കഴിപ്പിച്ചു. പിന്നാലെ പരിശോധന നടത്തിയപ്പോൾ ഇയാളും മദ്യപിച്ചതായി ബ്രത്തലൈസറിൽ തെളിഞ്ഞതോടെയാണ് വില്ലൻ ചക്കപ്പഴമാണെന്ന് തിരിച്ചറിഞ്ഞത്.
പന്തളം കെഎസ്‌ആർടിസിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശിയാണ് ചക്കപ്പഴം കൊണ്ടുവന്നത്. രാവിലെ ഡ്യൂട്ടിക്കിറങ്ങും മുൻപ് ഡ്രൈവർമാരിൽ ഒരാളാണ് ആദ്യം വെറുംവയറ്റിൽ ചക്ക കഴിച്ചത്. ഇദ്ദേഹമാണ് ആദ്യം ബ്രത്തലൈസറിൽ കുടുങ്ങിയത്. നല്ല മധുരമുള്ള പഴങ്ങൾ പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പുളിക്കാൻ സഹായിക്കുന്ന ഫ്രക്‌ടോസ്, ഗ്ളൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |