മുംബയ്: ധാക്കയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് ബിസിസിഐ. ജൂലൈ 24ന് ധാക്കയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) വാർഷിക പൊതുയോഗമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കാരണം വേദി മാറ്റണമെന്ന് ബിസിസിഐ പലതവണ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ നേതൃത്വത്തിലുള്ള എസിസി ഇതുവരെ ബിസിസിഐയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് യോഗം ബഹിഷ്കരിക്കുമെന്ന് ബിസിസിഐ അറിയിച്ചത്.
ധാക്കയിൽ വച്ച് യോഗം നടന്നാൽ തങ്ങളുടെ സാന്നിധ്യമില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ടൂർണമെന്റ് ബിസിസിഐയുടെ ബഹിഷ്‌കരണത്താൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2023ൽ ശ്രീലങ്കയിലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ടൂർണമെന്റിലെ നിലവിലെ ജേതാവാണ് ഇന്ത്യ. ഇപ്പോഴത്തെ സംഘർഷങ്ങൾ കണക്കിലെടുത്ത് കൗൺസിൽ യോഗത്തിന്റെയും ഏഷ്യാ കപ്പിന്റെയും വേദി മാറുമെന്നാണ് സൂചന. സെപ്തംബർ അഞ്ചു മുതൽ 21വരെയാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
ധാക്കയിൽ തന്നെ യോഗം നടത്തണമെന്നത് എസിസിയുടെ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ അനാവശ്യ പിടിവാശിയാണെന്നും, കൗൺസിൽയോഗം ധാക്കയിൽ നിന്നും മാറ്റിയൽ മാത്രമേ ഏഷ്യാകപ്പ് നടക്കുകയുള്ളുവെന്നും ബിസിസിഐ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾ കാരണം ഇന്ത്യൻ വനിതാ എമേർജിംഗ് ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ബിസിസിഐയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |