കൊല്ലം: തേവലക്കര ബോയ്‌സ് എച്ച് എസിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വെെദ്യുതി ലെെൻ കെഎസ്ഇബി നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന് വെെദ്യുതി ലെെൻ മാറ്റിയത്. ഇന്നലെ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വെെദ്യുതി ലെെൻ മാറ്റാൻ ധാരണയായിരുന്നു. പിന്നാലെയാണ് നടപടി.
സ്‌കൂളിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ മിഥുൻ ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകരഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴുതി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേയ്ക്ക് വീഴുകയായിരുന്നു.
സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |