കണ്ണൂർ: പ്രദേശങ്ങളുടെ കാർഷിക പാരിസ്ഥിതിക വൈവിദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ പോഷക പ്രാധാന്യമുള്ള വിളകൾ ഉത്പാദിപ്പിക്കുന്നതിന് പദ്ധതി തയ്യാറായി. കൃഷി വകുപ്പിന്റെ പോഷകസമൃദ്ധി മിഷൻ വഴി ഇതിനകം 10049 കുടുംബങ്ങളാണ് പദ്ധതിക്ക് ഒരുങ്ങിയിരിക്കുന്നത്. 2024 -25 വർഷം മുതൽ 2026-27 വർഷം വരെ മിഷൻ പ്രവർത്തനം നീളും.
ഓരോ വർഷവും 25 ലക്ഷം വീതം ആകെ 75 ലക്ഷം കുടുംബങ്ങളെ പദ്ധതിയിൽ പങ്കാളികളാക്കാനാണ് മിഷൻ ലക്ഷ്യമിടുന്നത്.ഉത്പ്പാദനം, വിപണനം, മൂല്യവർദ്ധനവ്, പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്നിവ സംയോജിപ്പിച്ച് ആരോഗ്യ സംരക്ഷണവും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കലുമാണ് മിഷൻ ലക്ഷ്യമിടുന്നത്.
വിവിധ വിളകളുടെ ഉത്പാദനത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി വിഭജിച്ച് ഓരോ ഘട്ടത്തിലും ആവശ്യമായ സമഗ്ര ഇടപെടലുകൾ നടത്തുക,കാർഷിക മേഖലയെ ആധാരമാക്കി പ്രാദേശിക സാമ്പത്തിക വികസനം ആസൂത്രണം ചെയ്ത് കർഷകരുടെ വരുമാനം ഉയർത്തുക, കാർഷിക പാരിസ്ഥിതിക മേഖലയെ അടിസ്ഥാനമാക്കിയുള്ള കാർഷിക ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ദേശീയതലത്തിലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ന്യൂട്രീഷൻ പ്ലേറ്റ് തയ്യാറാക്കുക തുടങ്ങിയവ പദ്ധതിയുടെ സവിശേഷതയാണ്.
വകുപ്പുകൾ ഒത്തുപിടിക്കും
കൃഷി, ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, സഹകരണം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പദ്ധതികളും കേന്ദ്ര ആവിഷ്കൃത പദ്ധതികളും ഫലപ്രദമായി കൂട്ടി യോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഹൈദരാബാദ് ആസ്ഥാനമായ ഐ.സി.എ.ആർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചുമായി കൃഷിവകുപ്പ് ധാരണ പത്രം ഒപ്പു വയ്ക്കും. കൃഷി സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ സംസ്ഥാനതല നോഡൽ ഓഫീസറും കൃഷി ഡയറക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് നോഡൽ ഓഫീസറും ആയിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
പച്ചക്കറി, പയർ വർഗ്ഗങ്ങൾ, ചെറു ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെ ആരോഗ്യ സംരക്ഷണം
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത
പോഷക പ്രാധാന്യമുള്ള ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള വിളകളുടെ ഉത്പാദനവും ഉപയോഗവും
പയർ വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം ആരോഗ്യ സൂചികയ്ക്ക് അനുസൃതമാക്കുക
കൂൺ കൃഷിയും കൂൺ അടിസ്ഥാനമാക്കിയ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കൽ
ജീവിതശൈലി രോഗങ്ങളിൽ നിന്നും വിമുക്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |