പത്തനംതിട്ട : കനത്ത് മഴയത്ത് നഗരത്തിൽ നിന്ന് 300 മീറ്റർ അപ്പുറമുള്ള സ്ഥലത്തെത്താൻ ഓട്ടോറിക്ഷയിൽ കയറിയ യുവതിയോട് ഡ്രൈവറുടെ ധാർഷ്ട്യം. ഓട്ടോ ചാർജ് 50 രൂപ നൽകണം, അല്ലെങ്കിൽ ഓട്ടോയിൽ നിന്നിറങ്ങണം. യുവതി നനഞ്ഞ് ഓട്ടോയിൽ നിന്നിറങ്ങി പിന്നിലേക്ക് നടന്നപ്പോൾ അതേ സ്റ്റാൻഡിലെ മറ്റൊരു ഡ്രൈവർ സഹായിക്കാനെത്തി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിലാണ് സംഭവം. ഇത് പത്തനംതിട്ട നഗരത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. ജില്ലയിലാകമാനം ചെറിയ ഓട്ടങ്ങൾക്ക് ഈടാക്കുന്ന നിരക്ക് 50 രൂപയാണ്. ഗത്യന്തരമില്ലാതെ ഡ്രൈവർമാർ പറയുന്ന തുകനൽകി യാത്ര ചെയ്യാൻ നിർബന്ധിതരാകുകയാണ് പലരും. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 30 രൂപയാണ്. എന്നാൽ മുപ്പത് രൂപയ്ക്ക് ഓട്ടം വരുന്നവർ വളരെ കുറവാണ്. സ്റ്റാൻഡിൽ ടേൺ അനുസരിച്ചാണ് ഓട്ടോറിക്ഷകൾ സവാരിക്ക് പുറപ്പെടുക. ടേൺ അനുസരിച്ച് മുന്നിലുള്ള ഓട്ടോറിക്ഷകൾ യാത്രയ്ക്ക് തയ്യാറായില്ലെങ്കിൽ പിന്നിലുള്ളവരും സവാരി പോകില്ല. ഇതുകാരണം നഗരത്തിൽ എത്തുന്ന സാധാരണക്കാരായ ആളുകളാണ് ബുദ്ധിമുട്ടുന്നത്.
മിനിമം ചാർജ് 30, ജില്ലയിൽ 50
ജില്ലയിലെ ഓട്ടോറിക്ഷകളെല്ലാം 50 രൂപയാണ് ചെറിയ ഓട്ടങ്ങൾക്ക് പോലും വാങ്ങുന്നത്. രണ്ട് കിലോമീറ്റർ യാത്രയ്ക്ക് 130 മുതൽ 180 വരെയായി ഇത് മാറും. ഗ്രാമ പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ചൂഷണം കൂടുതലായി നടക്കുന്നത്. അടൂർ, പന്തളം, കോഴഞ്ചേരി, പുല്ലാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. ബസിറങ്ങി സമീപത്തെ ആശുപത്രിയിലേക്ക് പോകുന്നവരാണ് ചൂഷണങ്ങളിൽപ്പെട്ടു പോകുന്നവരിലധികവും.
അധിക ചാർജ് വാങ്ങുന്നവർക്കെതിരെ നടപടി എടുക്കും. പരിശോധന നടത്തി പരിഹാരം കാണും.
സി.ശ്യാം
പത്തനംതിട്ട ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |