തൃശൂർ: നഗരത്തിലെ റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് മുറുകുന്നു. അപകടങ്ങൾ ഒഴിയുന്നതും തലനാരിഴയ്ക്കാണ്. പുഴയ്ക്കലിലും അയ്യന്തോളിലും പൂങ്കുന്നത്തും പടിഞ്ഞാറേകോട്ടയിലും ജൂബിലി മിഷൻ ജംഗ്ഷനിലും പൂത്തോൾ റോഡിലും രൂപപ്പെട്ട കുഴികൾ അപകടഭീഷണിയാകുകയാണ്. നാലുമാസം മുൻപ് പണിത ശങ്കരയ്യ റോഡ് ജംഗ്ഷൻ മുതൽ ദിവാൻജി മൂല വരെയുളള റോഡിൽ പൂത്തോൾ ജംഗ്ഷനിലും വൻ കുഴിയാണ് രൂപപ്പെട്ടത്. പൂങ്കുന്നം മുതൽ പുഴയ്ക്കൽ വരെ റോഡ് പണി നടക്കുന്നതിനാൽ വടക്കൻ ജില്ലകളിലേക്കുളള എല്ലാ വാഹനങ്ങളും പടിഞ്ഞാറേകോട്ടയിൽ നിന്ന് അയ്യന്തോൾ വഴിയാണ് പോകുന്നത്. ഇതോടെ പടിഞ്ഞാറേ കോട്ട ജംഗ്ഷൻ മുതൽ പുഴയ്ക്കൽ വരെ റോഡ് തകർന്നു.
കാനയില്ലെങ്കിലും അപകടം
പടിഞ്ഞാറേ കോട്ടയിൽ നിന്നുളള കാൽവരി റോഡിന്റെ വലതുഭാഗത്ത് ഇരുനൂറ് മീറ്ററോളം ദൂരത്തിൽ കാനയില്ലാത്തത് അപകടം സാധ്യത കൂട്ടുന്നു. ഇവിടെ വെളളം റോഡിലൂടെ പരന്നൊഴുകുമ്പോൾ ബൈക്ക് യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്. പൂത്തോൾ റോഡിൽ നിന്ന് കാൽവരി റോഡിലേക്ക് ഇടറോഡിലൂടെ വരുന്ന ബൈക്ക് യാത്രക്കാരും അപകടത്തിൽ നിന്ന് ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്. മഴയിൽ ഈ റോഡിലൂടെ വെളളം നിറഞ്ഞൊഴുകിയെത്തുന്നത് കാൽവരി റോഡിലെ താഴ്ന്ന പ്രദേശങ്ങളിലുളള വീടുകളിലേക്കാണ്. അതോടെ ഇടവഴികളെല്ലാം വെളളത്തിൽ മുങ്ങും.
കാന പണിയൽ നാളെ നാളെ
വർഷങ്ങളായി കാനയില്ലാത്തതിനാൽ പരിസരവാസികൾ പ്രതിഷേധത്തിലാണ്. കാൽവരി റോഡിൽ ക്രിസ്ത്യൻപളളിയും ഓഡിറ്റോറിയവും അടക്കമുണ്ട്. ഒരു വശത്ത് കാന പണിതിട്ടുണ്ടെങ്കിലും ഇതും അപൂർണ്ണമാണ്. കാനനിർമ്മാണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ജനപ്രതിനിധികൾക്കും കൗൺസിലർക്കും മറുപടിയില്ല.
കാൽവരി റോഡിലെ കാന നിർമ്മാണം ഈ വർഷത്തെ പദ്ധതിയിലുണ്ടെന്നും ഉടൻ കാന നിർമ്മിക്കുമെന്ന് ജനപ്രതിനിധികൾ പറയുമ്പോഴും ജനങ്ങൾക്ക് ഒട്ടും പ്രതീക്ഷയില്ല.
മുൻപ് ഗതാഗത പരിഷ്‌കാരത്തെ തുടർന്ന് പൂത്തോൾ ഭാഗത്ത് നിന്ന് വരുന്ന ബസ് അടക്കമുള്ള വാഹനങ്ങൾ കാൽവരി റോഡ് വഴി അയ്യന്തോളിലേക്ക് കടന്നിരുന്നു. രാവിലെയും വൈകിട്ടും ശങ്കരയ്യ റോഡിലും പടിഞ്ഞാറെക്കോട്ടയിലും ഗതാഗതക്കുരുക്ക് മുറുകുകയാണ്.
പടിഞ്ഞാറെക്കോട്ട നോക്കുകുത്തി
പടിഞ്ഞാറേകോട്ട മേൽപ്പാലത്തിന് 2016 ൽ മന്ത്രിസഭാ യോഗം അനുമതി നൽകി. നഗരത്തിന്റെ സ്വപ്നപദ്ധതിയായ പടിഞ്ഞാറേകോട്ട ജംഗ്ഷൻ മേൽപ്പാലത്തിന് രൂപരേഖയായിരുന്നു. പിന്നീട് പ്രഖ്യാപനങ്ങൾ പലതുമുണ്ടായെങ്കിലും നടപടികളൊന്നുമായില്ല. എല്ലാ മഴക്കാലത്തും റോഡ് തകർന്ന നിലയിലാകും. അയ്യന്തോളിലേക്കുള്ള മോഡൽ റോഡിൽ പൈപ്പ് പൊട്ടി വലിയ കുഴി കഴിഞ്ഞ മാസം രൂപപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |