കൊല്ലം: വിളന്തറയിൽ വീട്ടിൽ ചലനമറ്റ് കിടന്ന മിഥുന് മുന്നിലെത്തിയപ്പോൾ ആ രണ്ട് പെൺകുട്ടികൾ അറിയാതെ വിതുമ്പി. അയന ബോസും ആലീന സന്തോഷും. ഇരുവരുടെയും ഒന്നാം ക്ളാസ് മുതലുള്ള ചങ്കായിരുന്നു മിഥുൻ. പട്ടകടവ് സെന്റ് ആൻഡ്രു സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ഒരേ ക്ലാസിൽ മിഥുനൊപ്പം പഠിച്ചവരാണ് അയനയും അലീനയും. എട്ടാം ക്ലാസിൽ മിഥുൻ തേവലക്കര ബോയ്സിൽ ചേർന്നപ്പോൾ അയനയും അലീനയും തൊട്ടപ്പുറത്തുള്ള ഗേൾസ് സ്കൂളിൽ ചേർന്നു. രണ്ട് സ്കൂളിലായെങ്കിലും മൂവരും ഒരേ ട്യൂഷൻ സെന്ററിലായിരുന്നു. ട്യൂഷൻ സെന്ററിൽ നിന്ന് മൂവരും ഒരുമിച്ചാണ് ബസിൽ സ്കൂളിലേക്ക് വന്നിരുന്നത്. വ്യാഴാഴ്ച രാവിലെ പതിവിൽ നിന്ന് വിരുദ്ധമായി അലീന ബസ് കയറാൻ ഒപ്പം ചെന്നില്ല. എന്താ നീ വരുന്നില്ലേയെന്ന് മിഥുൻ ചോദിച്ചപ്പോൾ ചെറിയ പനിയെന്ന് മറുപടി നൽകി. എനിക്ക് ചെറിയ പനിയുണ്ട്, പക്ഷെ ഇന്ന് ഷട്ടിൽ ബാഡ്മിന്റൺ ടീം സെലക്ഷനാണെന്ന് പറഞ്ഞ് അയനയ്ക്കൊപ്പം സ്കൂളിലേക്ക് പോയതാണ് മിഥുൻ.
മിഥുൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ തൊട്ടപ്പുറത്തുള്ള ഗേൾസ് സ്കൂളും വിട്ടു. അയന ബസ് സ്റ്റോപ്പിൽ മിഥുനെ പരതിയെങ്കിലും കണ്ടില്ല. പിന്നെ കൂട്ടുകാർ പറഞ്ഞാണ് മിഥുനാണ് ഷോക്കേറ്റതെന്ന് അറിഞ്ഞത്. വീട്ടിലായിരുന്ന അലീന അമ്മ പറഞ്ഞാണ് വിവരം അറിയുന്നത്. ഇരുവരും ഇന്നലെ അമ്മമാരെയും കൂട്ടിയാണ് കുഞ്ഞുനാൾ മുതലുള്ള കൂട്ടുകാരനെ അവസാനമായി കാണാൻ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |