കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി എം.മിഥുൻ നോവാകുമ്പോഴും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതരാകാതെ ദൃക്സാക്ഷികളും കൂട്ടുകാരുമായ നീരജും വിഷ്ണുരാജും. വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് മിഥുൻ സ്കൂളിലേക്ക് വന്നത്. ട്യൂഷൻ കഴിഞ്ഞിറങ്ങിയ നീരജ് സൈക്കിളിലായതിനാൽ ആദ്യമെത്തി. നേരത്തെ എത്തിയവരിൽ ചിലർ കുപ്പിയിൽ കല്ല് നിറച്ച് തട്ടിക്കളിക്കുകയായിരുന്നു. ആദിൽ കുപ്പിയിൽ തട്ടിയപ്പോൾ ചെരിപ്പ് തെറിച്ച് ഷീറ്റിന് മുകളിൽ വീണു. ചെരിപ്പ് ഷെഡിന് മുകളിലേക്ക് വീഴുന്നത് റോഡിൽ നിന്നേ മിഥുൻ കണ്ടു. ഓടിയെത്തി ഷീറ്റിട്ട ഷെഡിന്റെ പൈപ്പിൽക്കൂടി മുകളിൽ കയറാൻ ശ്രമിക്കവെ കൂട്ടുകാർ വിലക്കി. മിഥുൻ ഓടി ക്ളാസ് മുറിയിലെത്തി. അപ്പോൾ നീരജും വിഷ്ണുരാജും ഒപ്പമുണ്ടായിരുന്നു. ഡെസ്കിന് മുകളിൽ കസേരയിട്ട് മിഥുൻ മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പാന്റ്സിൽ പിടിച്ച് വലിച്ച് കയറേണ്ടെന്ന് ഇരുവരും പറയുകയും ചെയ്തു. എന്നാൽ അവൻ മുകളിലേക്ക് കയറി. പിന്നെ പെട്ടെന്നാണ് തെന്നി വീണതും വൈദ്യുതി ലൈനിൽ കുരുങ്ങിയതും.
" ഞങ്ങൾ മിഥുനേ മിഥുനേ എന്ന് ഉറക്കെ വിളിച്ചു, വിളി കേൾക്കാഞ്ഞ് ഞങ്ങൾ ഓടി പുറത്തെത്തി, നോക്കിയപ്പോൾ ലൈൻ കമ്പിയിൽ കുരുങ്ങിക്കിടക്കുന്നു. ഉടൻ സാറിനെ വിളിച്ചു. പിന്നെ ..."- പറഞ്ഞത് പാതിവഴിയിൽ നിറുത്തി കൂട്ടുകാർ വിതുമ്പി. ക്ളാസിൽ എല്ലാവർക്കും അവനെ ഇഷ്ടമായിരുന്നെന്ന് ഇരുവരും പറഞ്ഞുനിറുത്തിയത് കണ്ണീരോടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |