കൊല്ലം: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ നേരിട്ടത് ക്രൂര പീഡനം. അതുല്യ തന്റെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. തന്നെ അയാൾ ചവിട്ടി കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധെെര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ വ്യക്തമാക്കുന്നു. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. 17-ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18-ാം വയസിൽ വിവാഹം നടന്നുവെന്നും അതുല്യയുടെ സുഹൃത്ത് മാദ്ധ്യങ്ങളോട് പറഞ്ഞു.
'ശാരീരികവും മാനസികവുമായുള്ള പീഡനം തുടർന്നിരുന്നു. എന്നാൽ അതുല്യയ്ക്ക് സതീഷിനോട് ഭയങ്കര സ്‌നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിലും ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓർമയില്ലെന്നും പറ്റിപ്പോയെന്നുമാക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടർന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നു'- സുഹൃത്ത് വെളിപ്പെടുത്തി.
അതേസമയം, സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സതീഷിനെതിരെ ശാരിരീക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യ സതീഷിനെ (30) ആണ് ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |