കൊല്ലം: 'സതീഷുമായുള്ള ബന്ധം വേർപെടുത്താൻ പലതവണ പറഞ്ഞിട്ടും കുഞ്ഞിനെയോർത്താണ് അവൾ എല്ലാം സഹിച്ചത്. എന്റെ പൊന്നുമോൾ ആത്മഹത്യ ചെയ്യില്ല. കൊല്ലുമെന്ന് അവൻ പലതവണ പറഞ്ഞിരുന്നു"..... ഷാർജയിൽ മരിച്ച തേവലക്കര സ്വദേശി അതുല്യയുടെ അമ്മ തുളസീഭായി വിതുമ്പലോടെ പറഞ്ഞു.
ഷാർജ റോളയിലെ ഫ്ലാറ്റിൽ ശനിയാഴ്ച രാവിലെയാണ് തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ 19-ാം വയസിലാണ് അതുല്യയെ ശാസ്താംകോട്ട സ്വദേശി സതീഷ് വിവാഹം കഴിച്ചത്. വിവാഹ സമ്മാനമായി 45 പവനും ബൈക്കും നൽകി. വിവാഹത്തിന്റെ അടുത്ത ദിവസം സതീഷും വീട്ടുകാരും സ്വർണം തൂക്കി നോക്കി. സ്വർണം കുറഞ്ഞുപോയെന്നും കാറ് വേണമെന്നും ആവശ്യപ്പെട്ട് അതുല്യയെ ഉപദ്രവിച്ചു. സംശയ രോഗിയായിരുന്ന സതീഷ് അതുല്യയെ ജോലിക്കും വിട്ടില്ല. ബന്ധം വേർപെടുത്തിയാൽ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്നും കൊല്ലുമെന്നും സതീഷ് ഭീഷണിപ്പെടുത്തി.
'സതീഷിനോട് മോൾക്ക് വലിയ സ്നേഹമായിരുന്നു. മദ്യപിച്ചാൽ അവൻ മോളെ ഉപദ്രവിക്കും. ലഹരിയിറങ്ങുമ്പോൾ കാലുപിടിച്ച് മാപ്പ് പറയും. കുഞ്ഞിന് ഒന്നരവയസുള്ളപ്പോൾ വിവാഹ മോചനത്തിന് ശ്രമിച്ചെങ്കിലും രണ്ടാം കൗൺസലിംഗിന് ശേഷം ഇരുവരും ഒത്തുതീർപ്പിലെത്തി. പിന്നീടും പീഡനം തുടർന്നു. മകളുടെ വിദ്യാഭ്യാസമോർത്താണ് അതുല്യ വീട്ടിലേക്ക് വരാൻ മടിച്ചത്..." തുളസീഭായി പറയുന്നു.
മർദ്ദനത്തിൽ ഗർഭം അലസി
വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിൽ ഗർഭിണിയായെങ്കിലും സതീഷിന്റെ മർദ്ദത്തിൽ ഗർഭം അലസി. സതീഷ് ഉപദ്രവിക്കുന്ന വീഡിയോ അതുല്യ വീട്ടിലേക്കയച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2.30നാണ് നാട്ടിലുള്ള മകളുടെ ഫോണിലേക്ക് അവസാനമായി വീഡിയോ അയച്ചത്. ഇത് ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് അയയ്ക്കണമെന്നും മകൾക്ക് അതുല്യ വാട്സ്‌ആപ്പിൽ സന്ദേശമയച്ചു. രാവിലെ സന്ദേശം കണ്ട് വീട്ടുകാർ അതുല്യയെ വിളിച്ചെങ്കിലും സതീഷാണ് ഫോണെടുത്തത്. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. അഖിലയെ ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിയുന്നത്. പിറന്നാൾ ദിവസമായിരുന്നു അതുല്യയുടെ മരണം. അമ്മയുടെ വേർപാട് ആരാദ്ധ്യ അറിഞ്ഞിട്ടില്ല. അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള, അമ്മ തുളസിഭായി എന്നിവർക്കൊപ്പം താമസിക്കുന്ന ആരാദ്ധ്യ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയിൽ സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തു. തെക്കുംഭാഗം സി.ഐ ശ്രീകുമാർ, എസ്.ഐ നിയാസ് എന്നിവരടങ്ങിയ സംഘം തുളസിഭായിയുടെ മൊഴിയെടുത്തു.
എന്തിനാണ് ഇങ്ങനെ സഹിച്ച് കഴിയുന്നതെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാൻ പറയുമ്പോഴെല്ലാം മാപ്പ് പറഞ്ഞ് സതീഷ് അവളെ ഒപ്പം നിറുത്തും. ജോലിക്ക് കയറാൻ നിന്ന ദിവസമാണ് മരിച്ചത്.
എസ്. രാജശേഖരൻ പിള്ള
അതുല്യയുടെ അച്ഛൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |