കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷനിൽ ദേശീയതലത്തിൽ 134ാം റാങ്കും സംസ്ഥാനതലത്തിൽ നാലാം റാങ്കും നേടി കൊടുങ്ങല്ലൂർ നഗരസഭ. സംസ്ഥാനതലത്തിൽ ജനസംഖ്യ അടിസ്ഥാനത്തിൽ മീഡിയം സിറ്റി കാറ്റഗറിയിൽ നാലാം റാങ്കാണ് നേടിയത്. നഗരസഭയുടെ ഖര ദ്രവ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെയും നഗരസഭയിൽ മാലിന്യക്കൂനകൾ ഇല്ലാത്തതിന്റെയും ഖര ദ്രവ മാലിന്യ സംസ്‌കരണത്തിനായി ഏർപ്പെടുത്തിയ സൗകര്യങ്ങളും അംഗീകരിച്ചാണ് സ്വച്ഛ് ഭാരത് മിഷന്റെ ദേശീയ തലത്തിലുള്ള 134ാം റാങ്ക്.
ദേശീയതലത്തിൽ 8718 സകോർ നേടാൻ നഗരസഭയ്ക്കായി. മാലിന്യ സംസ്‌കരണ ശുചിത്വരംഗത്ത് നഗരസഭ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2023ലെ , ദേശീയ തലത്തിലെ 2552-ാം റാങ്കിൽ നിന്നും 134ാം സ്ഥാനത്തെത്തിയത്. ദേശീയ തലത്തിൽ 4852 നഗരസഭകളാണുള്ളത്. ഈ വർഷം ജി.എഫ് സി.വൺ സ്റ്റാർ പട്ടികയിലും നഗരസഭ ഇടം നേടി. ആകെ 20 നഗരസഭകൾക്കാണ് ഈ വർഷം ജി.എഫ്.സി സ്റ്റാർ റേറ്റിംഗ് ലഭിച്ചത്.
നഗരസഭയ്ക്ക് കീഴിലുള്ള പൊതുചുമരുകൾ മാലിന്യത്തിനെതിരെയുള്ള സന്ദേശങ്ങളും മനോഹര ചിത്രങ്ങളും വരച്ചിരുന്നു. വാർഡ് തോറും മാലിന്യ സംസ്‌കരണത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ പ്രചാരണം നടത്തി. പ്രധാന നിരത്തുകളിലെ വൃക്ഷങ്ങളിൽ നിറങ്ങൾ നൽകി. കൂടാതെ നഗര ഹൃദയത്തിലെ ക്ഷേത്രത്തിന് ചുറ്റും ചെടികൾ വച്ച് ആകർഷകമാക്കി.
മാലിന്യത്തിൽ നിന്ന് ഉപയോഗപ്രദമായ വസ്തുക്കൾ ഉണ്ടാക്കുന്ന മാതൃകകൾ ആവിഷ്‌കരിച്ച് നടപ്പാക്കി. മാലിന്യ സംസ്‌കരണ പ്ലാന്റുകൾ യന്ത്രവത്കൃതമാക്കി മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കി. ജൈവമാലിന്യം ജൈവ വളമാക്കി മാറ്റുന്ന യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥാപിച്ചു. പാതയോരങ്ങളും ജലശയങ്ങളും വൃത്തിയാക്കി. ടോയ്‌ലറ്റ് മാലിന്യം സംസ്‌കരിക്കുന്ന സംവിധാനവും നടപ്പാക്കിയതിന്റെ മികവിലാണ് അംഗീകാരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |