കൊച്ചി: മോട്ടോർ വാഹനവകുപ്പിന്റെ എം പരിവാഹന്റെ പേരിൽ രാജ്യമാകെ സൈബർ തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ മൂന്ന് പേരെ കൊച്ചി സിറ്റി പൊലീസ് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ അതുൽകുമാർ സിംഗ് (32),മനീഷ് യാദവ് (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മനീഷ്‌യാദവിന്റെ ബന്ധുവായ 16 വയസുകാരനാണ് വ്യാജ ആപ്ലിക്കേൻ തയ്യാറാക്കിയത്. ഇയാളും പൊലീസ് കസ്റ്റഡിയിലാണ്.
എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. കേരളത്തിൽ നിന്ന് 45 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 500ലധികം പേർ തട്ടിപ്പിൽ വീണു. രാജ്യത്താകെ 2,700 പേരും. തട്ടിപ്പിലൂടെ കോടികളാണ് ഇവർ അടിച്ചെടുത്തത്. കൊൽക്കത്തയിൽ നിന്നാണ് റാക്കറ്റിന് വാഹന ഉടമകളുടെ വിവരങ്ങൾ ലഭിച്ചത്. ഇതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് ഇങ്ങനെ
പരിവാഹൻ സൈറ്റിന്റെ പേരിൽ വാഹനഉടമയുടെ മൊബൈലിലേക്ക് സന്ദേശം അയക്കുകയാണ് തുടക്കം. നിയമംലംഘിച്ചതിനാൽ പിഴ ഒടുക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യാനും പറയും. ക്ലിക്ക് ചെയ്യുന്നതോടെ ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ (എ.പി.കെ) ഫോണിൽ ഇൻസ്റ്റാളാകും. ഇത് സ്ക്രീൻഷെയറിംഗ് തട്ടിപ്പുകാർക്ക് കാണാവുന്ന രീതിയിൽ കൈമാറുന്നതോടെ ഫോൺ അവരുടെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും തട്ടിപ്പുകാരുടെ കൈയിലാകും. ഒ.ടി.പിയും മറ്റും ഡിലീറ്റ് ചെയ്യുന്നതിനാൽ പണം നഷ്ടപ്പെട്ടുവെന്ന് ഉടൻ തിരിച്ചറിയാനും ആവില്ല. ടെലഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങൾ പ്രതികൾ ശേഖരിക്കുന്നത്.
ചെലാനിൽ
19 അക്കം
സീറ്റുബെൽറ്റും ഹെൽമെറ്റുമൊക്ക ധരിച്ച് വാഹനമോടിച്ചവർക്കും നിയമം ലംഘിച്ചെന്നുപറഞ്ഞ് വാട്‌സ്ആപ്പിൽ മെസേജ് അയച്ചും തട്ടിപ്പ് തുടരുകയാണ്. എംപരിവാഹന് ഇത്തരത്തിൽ എ.പി.കെ ഫയൽ ഇല്ലെന്നും പ്ലേസ്റ്റോർ,ആപ് സ്റ്റോർ എന്നിവയിലൂടെ പരിവാഹൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകുവെന്നുമാണ് എം.വി.ഡി പറയുന്നത്. തട്ടിപ്പ് സന്ദേശത്തിൽ ചെലാൻനമ്പർ 14 അക്കമാണ്. യഥാർത്ഥ ചെലാനിൽ 19 അക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |