ഇന്ത്യൻ മുൻ താരങ്ങൾ പിന്മാറി, പാകിസ്ഥാനുമായുള്ള കളി റദ്ദാക്കി
ബർമിംഗ്ഹാം : ഇംഗ്ളണ്ടിൽ ഇന്നലെ നടക്കേണ്ടിയിരുന്ന മുൻകാല താരങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ പിന്മാറ്റത്തെത്തുടർന്ന് റദ്ദാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ടീമുകൾ തമ്മിലുള്ള ആദ്യ മത്സരം എന്ന രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരത്തിൽ നിന്ന് ആദ്യം പിന്മാറിയത് ഇന്ത്യൻ താരം ശിഖർ ധവാനാണ്. രാജ്യമാണ് വലുതെന്നും ഇന്ത്യയ്ക്കെതിരെ ഭീകരവാദം അഴിച്ചുവിടുന്ന രാജ്യത്തുനിന്നുള്ളവരുമായി കളിക്കാൻ കഴിയില്ലെന്നും ധവാൻ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെ മറ്റ് ഇന്ത്യൻ താരങ്ങളും മത്സരത്തിൽ നിന്ന് പിന്മാറിയതോടെ കളി റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിക്കുകയായിരുന്നു. ഓസ്ട്രേലിയ, ഇംഗ്ളണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുൻകാല താരങ്ങളെയും അണിനിരത്തിയാണ് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് എന്ന ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യയാണ് ചാമ്പ്യന്മാരായത്.യുവ്‌രാജ് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, ഹർഭജൻ സിംഗ് തുടങ്ങിയ താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്.യൂനിസ് ഖാനാണ് പാക് ക്യാപ്ടൻ. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിർ, കമ്രാൻ അക്മൽ എന്നിവർ പാക് ടീമിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സേനയ്ക്കെതിരെ മോശം പരാമർശം നടത്തിയ ഷാഹിദ് അഫ്രിദിയും പാക് സംഘത്തിലുണ്ടായിരുന്നു. ഇതിരെ വലിയ വിമർശനംഉയർന്നതിന് പിന്നാലെയാണ് ധവാൻ പിന്മാറിയത്.
ഇനി നടക്കുമോ ഇന്ത്യ-പാക് മത്സരം
2008-ലെ മുംബയ് ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു.
2008ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. പാകിസ്ഥാനെ 2012ൽ ഇന്ത്യൻ പര്യടനത്തിന് അനുവദിച്ചിരുന്നു.
ഐ.സി.സി ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം നടക്കാറുള്ളത്.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റുകളിൽ ഹൈബ്രിഡ് മോഡലിൽ ഇന്ത്യ,പാക് ടീമുകളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ നടത്തും.
ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിലും വനിതാ ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ടാകും. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ആതിഥേയർ ഇന്ത്യയാണ്. ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |