രൂപത്തിലും ഭാവത്തിലും സംഭാഷണത്തിലും ഒറ്റ നോട്ടത്തിൽ ആകർഷണീയമായി ഒന്നുമില്ല. അങ്ങനെയാണെങ്കിലും ആ മനുഷ്യനെ കേൾക്കാൻ ജനം ഒഴുകിയെത്തി. ആ വാക്കുകൾ ഇടിമുഴക്കത്തെ തോൽപ്പിക്കുന്ന കരഘോഷത്തോടെ അവർ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി കൊതിച്ചിരുന്നവരും അദ്ദേഹത്തിന് ക്യാപ്പിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ആഗ്രഹിച്ചവരും ആ ജനപ്രീതി കണ്ട് അന്തംവിട്ടു. അതായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന സഖാവ് വി എസ്.
വെട്ടിനിരത്തൽ കാലത്ത് വെറുക്കപ്പെട്ട സഖാവായി ചിത്രീകരിക്കപ്പെട്ട വി.എസ് ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ നേതാവായി മാറിയത് വളരെ പെട്ടെന്നായിരുന്നു. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ രാഷ്ട്രീയ ജീവിതവുമാണ് വി എസിന്റെ ജനപ്രീതിക്ക് കാരണം. ഇന്ത്യയിലെ സി പി എം നേതാക്കളിൽ ഏറ്റവും തല മുതിർന്ന ആളായിരുന്നു വി എസ്.
1964ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന് സി പി എം രൂപവൽകരിച്ച 32 പേരിൽ ഒരാൾ. കമ്യൂണിസ്റ്റ് പാർട്ടി ഒരുകാര്യം തീരുമാനിച്ചാൽ പിന്നീട് എന്തുണ്ടായാലും അതിൽ നിന്ന് പിന്നാക്കം പോകുന്ന പ്രശ്നമേ ഇല്ല. അതാണ് പാർട്ടിയുടെ ശക്തിയും. എന്നാൽ വി എസിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരിക്കൽ എടുത്ത തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകേണ്ടി വന്നു.ഒന്നല്ല രണ്ടുതവണ. വി എസ് എന്ന വലിയ മനുഷ്യന്റെ ജനപിന്തുണ കണ്ടാണ് സി പി എം ഉറച്ച തീരുമാനം മാറ്റിയത്.
2006ലെ തിരഞ്ഞെടുപ്പിൽ വി എസ് മത്സരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. ചെറിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷിച്ചുതന്നെയായിരുന്നു ആ തീരുമാനമെടുത്തതും. പക്ഷേ, പാർട്ടി പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു പ്രതിഷേധങ്ങൾ. മുദ്രാവാക്യം വിളികളുമായി എ.കെ.ജി സെന്ററിനുമുന്നിലേക്കുവരെ പ്രതിഷേധക്കാർ എത്തി. ഇതിനൊപ്പം കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ആളിക്കത്തി. ഒരുവേള പാർട്ടി പിളരുമെന്ന ഘട്ടംവരെയെത്തി. അതോടെ പി ബി ഇടപെടലുണ്ടായി. വി എസിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സംസ്ഥാനത്ത് ജയിച്ചു കയറി. വി എസ് തന്നെയാവും മുഖ്യമന്ത്രി എന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, പാർട്ടിക്ക് വി എസിനെ മുഖ്യമന്ത്രിയാക്കാൻ താത്പര്യം അത്ര പോര. പാലോളി മുഹമ്മദ് കുട്ടിയെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചത്. അപ്പോഴും പി ബി ഇടപെടലുണ്ടായി. അങ്ങനെ വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. പക്ഷേ, ആഭ്യന്തര വകുപ്പ് നൽകിയില്ല. അന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തത്.
പാർട്ടിയും സർക്കാറും രണ്ടു ധ്രുവങ്ങളിൽനിന്ന കാലമായിരുന്നു അത്. ഭരണത്തെ ഇത് പ്രതികൂലമായി ബാധിച്ചു . പാർട്ടിക്ക് നിയന്ത്രണം ഇല്ലാത്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്ക് നിയന്ത്രണം ഇല്ലാത്ത പാർട്ടി മന്ത്രിമാരും എന്നതായിരുന്നു അന്നത്തെ സ്ഥിതി. മൂന്നാർ, ലോട്ടറി മാഫിയ തുടങ്ങിയ വിവാദ വിഷയങ്ങളിൽ വി എസ് ജനപ്രീതി നേടിയെങ്കിലും വികസനത്തിന്റെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടം നടത്താനൊന്നും അദ്ദേഹത്തിന് ആയില്ല. അതിന് കഴിയാത്തത് പാർട്ടിയുടെ നീരാളിപ്പിടിത്തമായിരുന്നു എന്നതായിരുന്നു സത്യം.
2011ലെ തിരഞ്ഞെടുപ്പിലും ചരിത്രം ആവർത്തിച്ചു. വി.എസ് മത്സരിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അപ്പോഴും പ്രതിഷേധം ഉയർന്നു. പക്ഷേ, ഇത്തവണ മറ്റൊന്നുകൂടി സംഭവിച്ചു. വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിനൊപ്പം പരസ്യമായി നിന്ന ചില പാർട്ടി ഭാരവാഹികൾ വി എസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി സംസ്ഥാനത്ത് ദയനീയമായി പരാജയപ്പെടുമെന്ന് പി ബിയെ രഹസ്യമായി അറിയിച്ചു. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ പി ബി വി എസ് മത്സരിക്കട്ടേ എന്ന് തീരുമാനമെടുത്തു. മുൻപത്തെ തിരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.72 സീറ്റ് നേടി യു ഡി എഫ് ഭരണത്തിൽ എത്തിയെങ്കിലും 68 സീറ്റനേടി കട്ടയ്ക്കു നിൽക്കാൻ എൽ ഡി എഫിനെ സഹായിച്ചത് വി എസ് ആയിരുന്നു. വി എസിന് ഭരണത്തുടർച്ച ലഭിക്കാതിരിക്കാൻ പാർട്ടി പല സീറ്റുകളിലും തോറ്റു കൊടുത്തതാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു.
തുടർന്നങ്ങോട്ട് പാർട്ടിയുമായി വി എസ് ഏറെ അകന്നു. ടി പി ചന്ദ്രശേഖരൻ വധമായിരുന്നു അതിന് പ്രധാന കാരണം. കൊലപാതകത്തെ തുടർന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർട്ടിക്കെതിരെ വി.എസ് എടുത്തത്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പുദിവസം അദ്ദേഹം ടി പിയുടെ വിധവ രമയെ കാണാൻ പോയത് പാർട്ടിക്കുള്ളിലും പുറത്തും ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തു. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്തു.
ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനം വി എസ് ബഹിഷ്‌കരിച്ചത് ഏറെ ചർച്ചചെയ്യപ്പെട്ട മറ്റൊരു സംഭവമായിരുന്നു. സമ്മേളനത്തിൽ അദ്ദേഹത്തിനെതിരെ കുറ്റവിചാരണ നടത്തി. വി എസ് പക്ഷക്കാരായ പലരെയും സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. വി എസ് പാർട്ടിക്ക് പുറത്തേക്ക് എന്നുവരെ തോന്നിച്ച ഘട്ടമായിരുന്നു അത്. എന്നാൽ പാർട്ടിയോടെ ചേർന്ന് നിൽക്കുന്ന വി എസിനെയാണ് പിന്നീട് കണ്ടത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ അരയും തലയും മുറുക്കി പാർട്ടിയെ ജയിപ്പിക്കാൻ അദ്ദേഹം രംഗത്തിറങ്ങി. പാർട്ടിയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് വി എസ് പാർട്ടിക്ക് വഴങ്ങിയത് എന്നുവരെ വിമർശനമുയർന്നു.
പിണറായി വിജയൻ ആദ്യം മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പായിരുന്നു വി എസിന്റെ അവസാന തിരഞ്ഞെടുപ്പ്. അന്നും മികച്ച ഭൂരിപക്ഷത്തിൽ തന്നെ അദ്ദേഹം വിജയിച്ചു. ഒരുവേള മുഖ്യമന്ത്രിയാകുമോ എന്ന് തോന്നിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം പിണറായിക്കുവേണ്ടി വഴിമാറിക്കൊടുത്തു. ഭരണ പരിഷ്‌കാര കമ്മിറ്റി അദ്ധ്യക്ഷൻ എന്ന അധികാരമൊന്നുമില്ലാത്ത പദവിയിൽ പാർട്ടി അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. നിരവധി റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചെങ്കിലും അതിൽ ഒന്നുപോലും നടപ്പാക്കാൻ സർക്കാർ സൗമനസ്യം കാട്ടിയില്ല.പക്ഷേ, അതിലൊന്നിലും അദ്ദേഹത്തിന് പരിഭവമേ ഇല്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |