അതിരപ്പിള്ളി: അതിരപ്പിള്ളി മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന വിവിധ വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. അഞ്ചു കോടി രൂപ ചെലവിൽ നടന്നുവരുന്ന തുമ്പൂർമുഴി റിവർ ഗാർഡനിലെ നിർമ്മാണം ക്രിസ്മസിന് മുമ്പ് തീർക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
പ്രളയ ദുരിതാശ്വാസത്തിന്റെ ഒരു കോടിയടക്കം അഞ്ചു കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് തുമ്പൂർമുഴിൽ നടക്കുന്നത്. അതിരപ്പിള്ളിയിൽ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനും തീരുമാനിച്ചു. നാലു കോടി രൂപയാണ് ഇതിന്റെ ചെലവ്. മലക്കപ്പാറയിൽ 1 കോടി രൂപ ചെലവിലും ഫെസിലിറ്റേഷൻ കേന്ദ്രം നിർമ്മിക്കുന്നുണ്ട്.
തുമ്പൂർ മുഴിയിൽ നടന്ന യോഗത്തിൽ ചാലക്കുടി ബ്ലോക്ക് പഞ്ചയത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, ഹൗസിംഗ് ബോർഡ് എക്സിക്യൂട്ടിവ് എൻജിനിയർ കെ.സി. ജോസഫ്, ഇറിഗേഷൻ എ.ഇ: ഏല്യാസ്, തുമ്പൂർമുഴി ഡി.എം.സി എക്സിക്യൂട്ടിവ് ഓഫീസർ മനേഷ് സെബാസ്റ്റ്യൻ തുടങ്ങിയവരും പങ്കെടുത്തു.