കൊച്ചി:കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് വിവിധ അന്വേഷണ ഏജൻസികൾ വിലയിരുത്തി. കപ്പൽശാലയിലെ സുരക്ഷയിൽ മിലിട്ടറി ഇന്റലിജൻസ് അതൃപ്തി രേഖപ്പെടുത്തി.
കപ്പലിൽ 1200 ലധികം ജീവനക്കാരാണ് ജോലിയെടുക്കുന്നത്. ഇവർക്ക് കപ്പലിന്റെ ഏതു ഭാഗത്തും കയറാനുള്ള സാഹചര്യമുണ്ടായിരുന്നു. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് കപ്പൽശാല അധികൃതരെയും സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിനെയും മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു. മോഷണത്തിന് ശേഷമാണ് കപ്പലിനുള്ളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പ്ളൈവുഡ്കൊണ്ട് വാതിലുകൾ പിടിപ്പിച്ചത്. സ്വകാര്യ സുരക്ഷാ ഏജൻസിക്കാണ് തൊഴിലാളികളെ നിരീക്ഷിക്കാനും ദേഹപരിശോധന നടത്താനുമുള്ള ചുമതല. സി.ഐ.എസ്.എഫ് പ്രവേശന കവാടത്തിലും കപ്പലടുപ്പിക്കുന്ന ബെർത്തിലും മാത്രമാണ് സുരക്ഷ നൽകുന്നത്. ഇതുവരെ ഒരു കാർക്കശ്യവുമില്ലാത്ത പരിശോധനകളാണ് കപ്പൽശാലയിൽ നടന്നുവന്നത്.
രണ്ടാം വിമാന വാഹിനി കപ്പലിന്റെയും ഓർഡർ കൊച്ചി കപ്പൽശാലയ്ക്കാണ് ലഭിക്കേണ്ടത്. ഇത് ലഭിക്കാതിരിക്കാൻ സ്വകാര്യ കപ്പൽ നിർമാണ കമ്പനികൾ നടത്തിയ നീക്കമാണോ മോഷണമെന്നും പരിശോധിക്കുന്നുണ്ട്. കപ്പൽശാലയെ മോശമാക്കി കാണിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
കമ്പ്യൂട്ടറുകൾ കപ്പലിൽ ദിവസങ്ങൾക്ക് മുമ്പാണ് സജ്ജീകരിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. ഹാർഡ് ഡിസ്ക്കുകളിൽ ഡേറ്റകളൊന്നുമില്ലെന്നാണ് വാദം. ഹാർഡ് ഡിസ്ക്കുകളിൽ കപ്പലിന്റെ രൂപരേഖയുണ്ടായിരുന്നുവെന്ന വാർത്ത തെറ്റാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ കേരളകൗമുദിയോട് പറഞ്ഞു. ഇത്തരത്തിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സാഖറെ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പ്രാഥമിക അന്വേഷണത്തിലാണ് വൻ സുരക്ഷാ വീഴ്ച വ്യക്തമായത്. ഇന്റലിജൻസ് ബ്യൂറോയും മിലിട്ടറി ഇന്റലിജൻസും സമാന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതീവ സുരക്ഷ നിലവിലുള്ള വിമാനവാഹിനിയിൽ പുറമെ നിന്നുള്ളവർക്കു പ്രവേശിക്കാൻ സാധിക്കാത്തതിനാൽ കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട ജീവനക്കാരും തൊഴിലാളികളുമാണ് സംശയ നിഴലിലുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആയിരത്തോളം തൊഴിലാളികളുടെ വിരലടയാളം ശേഖരിക്കുന്നുണ്ട്. കൈയുറ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്യമായ വിരലടയാളം അവശേഷിപ്പിക്കാതെയാണ് മോഷണം. കപ്പലിൽ ജോലിയെടുക്കുന്നവർ സുരക്ഷാജാക്കറ്റുകളും കൈയുറകളും ധരിക്കുന്നവരാണ്. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കപ്പലിന്റെ നിർമ്മാണം കൂടുതൽ സുരക്ഷയോടെ തുടരുന്നു.