പാലാ: കിഫ്ബി ക്രമക്കേടും കണ്ണൂർ വിമാനത്താവള കമ്പനി ഓഡിറ്റും ട്രാൻസ്ഗ്രിഡ് അഴിമതിയുമടക്കം സംസ്ഥാന സർക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ച ഇന്നലെ പാലായിൽത്തന്നെ ആയിരുന്നു രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാലാ ഉപതിരഞ്ഞടുപ്പിൽ മുഖ്യമന്ത്രി ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. വികസനത്തിന്റെ പേരിൽ കേരളത്തിൽ തീവെട്ടിക്കൊള്ള നടക്കുകയാണ്. കിയാൽ സർക്കാർ കമ്പനിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സി.എ.ജിയുടെ സമ്പൂർണ ഓഡിറ്റിംഗിനെ സർക്കാർ എതിർത്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 65 ശതമാനം ഓഹരിയും, മുഖ്യമന്ത്രിക്ക് അദ്ധ്യക്ഷ പദവിയുമുള്ള കിയാൽ എങ്ങനെ സർക്കാർ കമ്പനിയല്ലാതാകുമെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.
കിഫ്ബി നടത്തിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന്, ലാവ്ലിൻ കേസിൽ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിക്കാണ് സർക്കാർ ഭക്ഷണം കഴിക്കാൻ മറ്റാരെക്കാൾ യോഗ്യതയെന്ന് ചെന്നിത്തല മറുപടി നൽകി.
ആരോപണങ്ങൾ
കിഫ്ബി
അഞ്ച് കമ്പനികൾക്ക് വേണ്ടി സർക്കാർ കിഫ്ബി ഫണ്ട് വക മാറ്റി ചെലവാക്കി. 11 ലക്ഷം രൂപ ചെലവു വരുന്ന മണ്ണ് മാറ്റൽ പദ്ധതി 1.11 കോടി രൂപയ്ക്കാണ് കിഫ്ബി നടപ്പാക്കിയത്. ഇക്കാര്യങ്ങളിൽ ജുഡിഷ്യൽ അന്വേഷണവും കിഫ്ബി നടത്തിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണവും നടത്താൻ സർക്കാർ തയ്യാറാവണം.
കിയാൽ
കണ്ണൂർ വിമാനത്താവളത്തിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും മൂടിവയ്ക്കാനാണ് സമ്പൂർണ സി.എ.ജി ഓഡിറ്റിന് സർക്കാർ അനുമതി നൽകാത്തത്. സി.പി.എം നേതാക്കളുടെ മക്കളെ പലരെയും അനധികൃതമായി കണ്ണൂർ വിമാനത്താവളത്തിൽ നിയമിച്ചിട്ടുണ്ട്. ഓഡിറ്റിംഗ് നടന്നാൽ ക്രമക്കേട് പുറത്താകുമെന്ന ഭയമാണ് സി.പി.എമ്മിനും സർക്കാരിനും.
ട്രാൻസ്ഗ്രിഡ് പദ്ധതി
ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാൻ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ കരാർ സംസ്ഥാന സർക്കാർ ഒപ്പിട്ടത്. കെ.എസ്.ഇ.ബിക്കു വേണ്ടി കരാർ ഒപ്പിട്ട ചീഫ് എൻജിനിയർ ഇപ്പോൾ കരാർ കമ്പനിയായ ടെറാനസിന്റെ ചീഫ് എൻജിനിയറാണ്. പവർ ഫിനാൻസ് കോർപറേഷനും അഴിമതിക്ക് കൂട്ടുനിന്നു.