തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറയ്ക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എന്നാൽ തുക എത്രയായി വെട്ടിക്കുറയ്ക്കും എന്ന തീരുമാനത്തിൽ വ്യക്തത ആയിട്ടില്ല. പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഗതാഗത സെക്രട്ടറിയെയാണ് മന്ത്രിസഭാ യോഗത്തിൽ ചുമതലപ്പെടുത്തിയത്. പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി കേന്ദ്രത്തിന് വീണ്ടും സംസ്ഥാനം കത്തയക്കും. കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിൽ വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ സെപ്തംബർ ഒന്ന് മുതലാണ് നിലവിൽ വന്നത്. ഡ്രൈവിങ്ങിനിടെ ജനങ്ങൾ വരുത്തുന്ന തെറ്റുകൾക്ക് ഈ പുതിയ നിയമങ്ങളിലൂടെ വൻ തുകകളാണ് ഈടാക്കിയത്. ഇതിനെതിരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ വന്നത്.