മുംബയ്: കോർപ്പറേറ്റ് നികുതിയിളവിലൂടെ കേന്ദ്രസർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുമെങ്കിലും അത് ധനക്കമ്മിയെ ബാധിക്കില്ലെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. നികുതിയിളവിന്റെ പിൻബലത്തിൽ കമ്പനികളുടെ പ്രകടനം മെച്ചപ്പെടും. ഇതുവഴി ഉയർന്ന നികുതി വരുമാനം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പുവർഷം ജി.ഡി.പിയുടെ മൂന്നു ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നികുതി കുറച്ചതിനാൽ ഇത് 4.1 ശതമാനത്തിലേക്കു വരെ കുതിച്ചേക്കാമെന്നാണ് വിലയിരുത്തലുകൾ. നടപ്പുവർഷത്തെ ആദ്യ പകുതിയിൽ പ്രത്യക്ഷ നികുതി വരുമാന വർദ്ധന 4.7 ശതമാനം മാത്രമാണ്. പ്രതിമാസം ശരാശരി ഒരുലക്ഷം കോടി രൂപ ജി.എസ്.ടി വരുമാനം നേടുകയെന്ന ലക്ഷ്യവും കാണാനായില്ല. എന്നാൽ, വരും മാസങ്ങളിൽ നികുതി വരുമാനം കൂടുമെന്നും പൊതുമേഖലാ ആസ്തി വില്പന, റിസർവ് ബാങ്കിന്റെ സഹായം എന്നിവയിലൂടെയും ധനക്കമ്മി നിയന്ത്രിക്കാനാകുമെന്നും രാജീവ് കുമാർ പറഞ്ഞു.