പ്രശസ്ത സംവീധായകൻ എം എ നിഷാദിന്റെ പുതിയ സിനിമ 'തെളിവ്' റീലീസിങ്ങിന് ഒരുങ്ങുകയാണ്.തെങ്കാശി,തേൻമല,അച്ചൻ കോവിൽ,മൺറോ തുരുത്ത് എന്നിവിടങ്ങളിലായി മൂന്ന് മാസങ്ങൾകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ തെളിവ് ഒക്ടോബർ മാസത്തിൽ തിയേറ്ററിൽ എത്തും.1997 ൽ മമ്മൂട്ടി നായകനായി സത്യൻ അന്തിക്കാട് സംവീധാനം ചെയ്ത ഒരാൾ മാത്രം എന്ന ചിത്രം നിർമ്മിച്ച് സിനിമയുടെ ലോകത്ത് എത്തിയ എം എ നിഷാദ് ഡ്രീംസ്,തില്ലാന തില്ലാന എന്നീ സിനിമകളുടേയും നിർമ്മാണം നടത്തിയിട്ടുണ്ട്.കൂടാതെ കലാമൂല്യവും വാണിജ്യ വിജയങ്ങളും നേടിയ ഒരു തമിഴ് സിനിമ ഉൾപ്പടെ എട്ടോളം സിനിമകൾ സംവീധാനം ചെയ്തിട്ടുമുണ്ട്.കിണർ എന്ന സിനിമക്ക് ശേഷം സംവീധാനം ചെയ്ത 'തെളിവി'ന്റെ വിശേഷങ്ങൾ കേരള കൗമുദി "യുമായി പങ്കുവയ്ക്കുകയാണ് എം എ നിഷാദ്.
തെളിവ് ' എന്ന പേരിൽ തന്നെ ഒരു ആകാംക്ഷയുണ്ട്
തമിഴ് ഉൾപ്പടെ ഇത് എന്റെ പതിനൊന്നാമത്തെ സിനിമയാണ്. മുൻപ് ചെയ്ത സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഈ സിനിമയുടെ മേക്കിങ്ങിനായി ഞാൻ ശ്രമിച്ചിരിക്കുന്നത്.ചെറിയാൻ കല്പകവാടിയും ഞാനും വൈര്യത്തിന് ശേഷം ഈ സിനിമയിലൂടെ വീണ്ടും ഒരുമിക്കുകയാണ്.ഇത് വരെ ഞാൻ ചെയ്ത സിനിമകളിൽ നിന്ന് മാറി റിയലിസ്റ്റിക്കായ അവതരണത്തിലൂടെ ഒരു കൊമേഴ്സ്യൽ കാഴ്ച്ചപ്പാടിലാണ് ഈ സിനിമ പൂർണ്ണമായും ഒരുക്കിയിരിക്കുന്നത്.ഇതൊരു പൊലീസ് ഇൻവെസ്റ്റിഗേഷൻ കഥയാണെന്ന് പ്രേക്ഷകർക്ക് തോന്നുമെങ്കിലും പൊലീസിന്റെ ഇൻട്രോഗേഷനിലൂടെയാണ് ഈ സിനിമയുടെ കഥ പറയുന്നത്.അതോടൊപ്പം തെളിഞ്ഞ കാലാവസ്ഥ എന്ന അർത്ഥം വരുന്ന ചില കാര്യങ്ങൾക്കൂടി ഇതിലൂടെ അവതരിപ്പിക്കുന്നത്.
തെളിവ് സിനിമയുടെ പ്രധാന പ്രേക്ഷകർ
പ്രേക്ഷകരെ തരം തിരിക്കുന്നതിനോട് എനിക്ക് താപ്പര്യമില്ല.എല്ലാ തരത്തിലുളള പ്രേക്ഷകർക്കും വേണ്ടിയാവണം ഒരു ഫിലീം മേക്കർ സിനിമ എടുക്കാവു എന്നാണ് എന്റെ അഭിപ്രായം.യൂത്തിന് വേണ്ടി മാത്രം സിനിമ എടുത്താൽ ആ വിഭാഗത്തിലുളളവർ മാത്രമാണോ അത്തരത്തിലുളള സിനിമ കാണുന്നത്,അല്ലെങ്കിൽ യൂത്ത് മാത്രം ഈ സിനിമ കണ്ടാൽ മതിയെന്ന് തീരുമാനിക്കാൻ കഴിയുമോ,അല്ലെങ്കിൽ അവർ മാത്രം ഈ സിനിമ കണ്ടാൽ മതിയെന്ന് എഴുതിവെക്കാൻ പറ്രുമോ.മറ്റ് വിഭാഗത്തിലുളള പ്രേക്ഷകരുടെ കാര്യത്തിലും ഇത് തന്നെയാണ്.ഒരു സംവീധായകന്റെ മനസ്സിലുളള കാര്യങ്ങൾ ... ചിന്തകൾ ... ഒരു ഫ്രെയിം ... എല്ലാ തരത്തിലുമുളള പ്രേക്ഷകരും കാണണം.യൂത്ത്,ഫാമിലി എന്ന വേർതിരിവുകൾ ഇല്ലാതെ എല്ലാ വിഭാഗത്തിലുമുളള പ്രേക്ഷകർക്കും വേണ്ടി എന്ന കാഴ്ചപ്പാടിലാണ് തെളിവ് എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.
തെളിവ് സിനിമയെ മുൻവിധിയോടെ സമീപിക്കേണ്ട കാര്യമില്ല
ഏത് സിനിമ തീയറ്ററിൽ എത്തുമ്പോഴും പ്രേക്ഷകർ ഒരു മുൻവിധിയോടെ സിനിമയെ സമീപിക്കുന്ന രീതിയാണ് കണ്ട് വരുന്നത്.പക്ഷെ സിനിമക്ക് അത്തരത്തിൽ ഒരു മുൻവിധിയുടെ ആവശ്യമില്ല.കെ ജി ജോർജ് സാറിനെപ്പോലുളള പ്രഗൽഭരായ ആളുകൾ യവനിക,ആദാമിന്റെ വാരിയെല്ല്,കോലങ്ങൾ,പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ ചെയ്യുന്ന കാലഘട്ടങ്ങളിലൊക്കെ മുൻ വിധിയും ഇല്ലാതെയാണ് പ്രേക്ഷകർ സിനിമയെ സമീപിച്ചിരുന്നത്.മുൻ വിധികളൊക്കെ വന്നത് തൊണ്ണൂറ്റിയഞ്ചുകൾക്ക് ശേഷമാണ്.അത് കൊണ്ട് എന്റെ ഈ സിനിമയെ മാത്രമല്ല മറ്റ് ഒരു സിനിമയേയും മുൻവിധിയോടെ പ്രേക്ഷകർ സമീപിക്കരുത്.
ഈ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല
പ്രൊഡക്ഷൻ ബോയി മുതൽ സംവീധായകർ വരെയുളളവർ ക്രിയാത്മകമായി ചിന്തിക്കുമ്പോഴാണ് ഒരു സിനിയുണ്ടാവുന്നത്.എന്നാലും ആത്യന്തികമായി പറഞ്ഞാൽ സംവീധായകന്റെ കലയാണ് സിനിമ.അതിൽ നല്ല സിനിമകളും ചീത്ത സിനിമകളും ഉണ്ടാവും.മനസ്സിൽ ഉദ്ദേശിച്ചത് പോലെ സിനിമ ഒരുക്കാൻ ഒരു സംവീധായകനും കഴിയില്ല. ചില സംവീധായകർ സ്വന്തം മനസ്സിനെ തൃപ്തിപ്പെടത്താൻ വേണ്ടിയും മറ്റ് ചിലർ പ്രക്ഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയും സിനിമ എടുക്കും.തെളിവ് സിനിമ പൂർണ്ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
കഥയ്ക്കാണ് പ്രാധാന്യം
ഈ സിനിമയിൽ ആശാശരത്താണ് കേന്ദ്ര കഥാപാത്രം ചെയ്യുന്നതെങ്കിലും കഥയ്ക്കാണ് എറ്റവും പ്രാധാന്യം.ലാൽ,രൺജി പണിക്കർ,നെടുമുടിവേണു,മണിയൻപിളളരാജു തുടങ്ങിയ പ്രഗത്ഭരായ നിരവധി ആളുകൾ വളരെ വ്യത്യസ്തമായ രീതിയിൽ ഇതിൽ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
കേന്ദ്ര കഥാപാത്രം അവതരിപ്പിക്കാൻ ആശാശരത്തിലേക്ക് എത്തപ്പെട്ടത്.
ചെറിയാൻ കൽപ്പകവാടി ഇതിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഇതിൽ ഗൗരിയെന്ന ശക്തമായ കഥാപാത്രം അവതരിപ്പിക്കാൻ എറ്റവും അനുയോജ്യം ആശാശരത്താണെന്ന് സംവീധായകനായ ഞാനും തിരക്കഥാ കൃത്തുമായ ചെറിയാൻ കൽപ്പകവാടിയും ഒരുമിച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു.ഒരുപാട് കുടുംബ പ്രേക്ഷകരുകരുടെ പിൻതുണയുളള മികച്ച അഭിനേത്രിയായ ആശാശരത്ത് ഈ സിനിമയിലെ ഗൗരിയെന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു.