മലപ്പുറം: കൊളത്തൂരിലെ മതപഠനകേന്ദ്രത്തിൽ 17കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കോഡൂർ സ്വദേശി മുഹമ്മദ് റഫീഖാണ് (34) അറസ്റ്റിലായത്. 17കാരിയെ പീഡിപ്പിച്ചതായി ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. ചൈൽഡ് ലൈൻ അധികൃതർ കൊളത്തൂർ പൊലീസിലറിയിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനി പീഡനത്തിനിരയായതിനെത്തുടർന്ന് ഇവിടുത്തെ മറ്റ് പെൺകുട്ടികളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പീഡനത്തിനിരയായ കുട്ടി വീട്ടുകാർക്കൊപ്പമാണിപ്പോൾ. രക്ഷിതാക്കളെത്തുന്നത് വരെ മറ്റ് 11 പേർ കേന്ദ്രത്തിൽ തങ്ങുക സുരക്ഷിതമല്ലാത്തതിനാൽ ചൈൽഡ് പ്രവർത്തകർ ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി.
മൊഴിയെടുത്ത ശേഷം ഷെൽട്ടർ ഹോമിലേക്കയയ്ക്കുകയായിരുന്നു. ചൂഷണത്തിനിരയായതായി ഇവർ മൊഴി നൽകിയിട്ടില്ലെന്നാണ് സൂചന. മലപ്പുറത്തിന് പുറമെ പാലക്കാട്, എറണാകുളം, കണ്ണൂർ ജില്ലകളിലെയും മംഗലാപുരത്തെയും വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാവരും 18 വയസിന് താഴെയുള്ളവരാണ്.