കൊച്ചി: അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയുടെ (അറ്റോയ്) മൂന്നാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി (ഐ.സി.ടി.ടി) 26, 27 തീയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും. 26ന് വൈകിട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എം.പി., ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി മനേജിംഗ് ഡയറക്ടർ ആർ. രാഹുൽ, ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ടി.കെ. മൻസൂർ തുടങ്ങിയവർ സംബന്ധിക്കും. ടൂറിസം രംഗത്ത് നിർമ്മിത ബുദ്ധിയുടെ (എ.ഐ) ഉപയോഗം, ചൈനീസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നിവയാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് ഐ.സി.ടി.ടി കൺവീനർ പി.കെ. അനീഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, റിസോർട്ട്, ഹോംസ്റ്റേ, സെർച്ച് എൻജിൻ ഓപ്പറേറ്റർമാർ, ബ്ളോഗർമാർ തുടങ്ങി 500ഓളം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. വിവിധ വിഷയങ്ങളിലായി വിദേശത്തു നിന്നുള്ള ഒട്ടേറെ വിദഗ്ദ്ധർ പ്രഭാഷണങ്ങൾ നടത്തും. ചൈനീസ് സോഷ്യൽ മീഡിയകളിലെ പ്രചാരണത്തിലൂടെ കൂടുതൽ ചൈനക്കാരെ കേരളത്തിലേക്ക് ആകർഷിക്കാനാണ് ശ്രമം. വീസ ഫീസും ഹോട്ടൽ ജി.എസ്.ടിയും കുറച്ച കേന്ദ്ര നടപടി ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും പി.കെ. അനീഷ് കുമാർ പറഞ്ഞു. അറ്റോയ് സെക്രട്ടറി പി.വി. മനു, ട്രഷറർ സഞ്ജീവ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.