# ലയണൽ മെസിക്ക് ഫിഫ ബെസ്റ്റ് ഫുട്ബാളർ പുരസ്കാരം
# മേഗൻ റാപ്പീനോ മികച്ച വനിതാതാരം, ക്ളോപ്പ് ബെസ്റ്റ് കോച്ച്
# ആലിസൺ ബെക്കർ ബെസ്റ്റ് ഗോളി, ഡാനിയേൽ സോറിക്ക് പുഷ്കാസ് അവാർഡ്
മിലാൻ : ഈ വർഷത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. കഴിഞ്ഞ രാത്രി ഇറ്റലിയിലെ മിലാനിൽ നടന്ന അവാർഡ് നിശയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യൂറോപ്യൻ ഫുട്ബാളർ അവാർഡ് നേടിയിരുന്ന ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻഡിക്കിനെയും പിന്തള്ളിയാണ്
ലിയോ
ബെസ്റ്റ് ഫുട്ബാളറായത്.
പുരസ്കാരത്തിനുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ലാസ്കാല ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിനെത്തിയിരുന്നില്ല. എന്നാൽ ഫിഫയുടെ ഈ വർഷത്തെ ലോക ഇലവനിൽ ക്രിസ്റ്റ്യാനോയും ഇടംപിടിച്ചു.
2016ൽ ഫിഫ ബെസ്റ്റ് അവാർഡുകൾ സമ്മാനിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് മെസി ഈ പുരസ്കാരത്തിന് അർഹനാകുന്നത്. 2016ലും 2017ലും ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു അവാർഡ് ജേതാവ്. 2018ൽ ഇരുവരെയും മറികടന്ന് ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മൊഡ്രിച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസൺ ലാലിഗയിൽ ബാഴ്സലോണയെ ചാമ്പ്യൻമാരാക്കിയതിലും കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയെ വെങ്കലത്തിലെത്തിച്ചതുമാണ് മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ 12 ഗോളുകളുമായി ടോപ് സ്കോററും മെസിയായിരുന്നു. സെമിയിൽ ലിവർപൂളുമായി തോറ്റാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത്. ലാലിഗയിൽ 36 ഗോളുകളുമായി ഗോൾഡൻ ഷൂ പുരസ്കാരം നേടിയതും മെസിയാണ്.
മെസി ബെസ്റ്റ് കിരീടം കൈപ്പിടിയിലൊതുക്കിയതോടെ 2006ന് ശേഷം ഫിഫ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഡിഫൻഡർ എന്ന നേട്ടത്തിലേക്ക് എത്താമെന്ന വിർജിൻ ഡൻഡിക്കിന്റെ മോഹമാണ് തകർന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിവർപൂളിന്റെ നിർണായക ഘടകമായിരുന്നു വാൻഡിക്ക്. വാൻഡിക്കിന്റെ സ്വപ്നം മെസി കവർന്നെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ലിവർപൂളിന് രണ്ട് പുരസ്കാരങ്ങൾ സമ്മാനിച്ചു. ബെസ്റ്റ് കോച്ചായി യൂർഗൻ ക്ളോപ്പും ബെസ്റ്റ് ഗോളിയായി ആലിസൺ ബാക്കറും തിരഞ്ഞെടുക്കപ്പെട്ടു. കോപ്പ അമേരിക്കയിൽ ചാമ്പ്യൻമാരായ ബ്രസീലിന്റെ വലകാത്തതും ബാക്കറായിരുന്നു.
ലോകകപ്പ് ജേതാക്കളായ അമേരിക്കൻ ടീമിലെ സ്ട്രൈക്കർ മേഗൻ റാപ്പീനോയാണ് മികച്ച വനിതാ ഫുട്ബാളർ. 34 കാരിയായ മേഗൻ ആറ് ഗോളുകളുമായി ലോകകപ്പിലെ ഗോൾഡൻ ബാളിന്റെ സംയുക്ത അവകാശിയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പരസ്യ വിമർശനം നടത്തിയും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി രംഗത്തിറങ്ങിയും ശ്രദ്ധ നേടിയ താരവുമാണ് മേഗൻ.
തന്റെ അരങ്ങേറ്റ മത്സരത്തിൽ ഓവർ ഹെഡ് കിക്കിലൂടെ നേടിയ ഗോളിന് 18 കാരനായ ഹംഗേറിയൻ സ്ട്രൈക്കർ ഡാനിയേൽ സോറി പുഷ്കാസ് പുരസ്കാരം നേടി. മെസിയെയും ക്വിന്റോറോയെയും പിന്തള്ളിയാണ് സോറിയുടെ നേട്ടം.
ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിൽ എതിരാളിയെ പരിക്കേൽപ്പിച്ചതിന്റെ പേരിൽ സ്വന്തം ടീമിനോട് ഗോൾ വഴങ്ങാൻ നിർദ്ദേശം നൽകിയ ലീഡ്സ് യുണൈറ്റഡിന്റെ പരിശീലകൻ മാഴ്സെലോ ബിയേൽസ ഫിഫ ഫെയർ പ്ളേ അവാർഡ് സ്വന്തമാക്കി.
കാഴ്ച ശക്തിയില്ലാത്ത തന്റെ വളർത്തു മകന് വേണ്ടി ഫുട്ബാൾ മത്സരം ഗാലറിയിലിരുന്ന് വിവരിച്ചു നൽകിയതിലൂടെ ശ്രദ്ധേയയായ ബ്രസീലുകാരി സിൽവിയ ഗ്രെക്കോയും 12 കാരൻ മകൻ നിക്കോളാസും ഫിഫ ബെസ്റ്റ് ഫാൻ പുരസ്കാരം സ്വന്തമാക്കി.
ഫിഫ വേൾഡ് ഇലവൻ
ആലിസൺ ബാക്കർ, സെർജിയോ റാമോസ്, വിർജിൽ വാൻഡിക്ക്, മത്തീസ് ഡിലൈറ്റ്, മാഴ്സെലോ, ലൂക്കാ മൊഡ്രിച്ച്, ഫ്രെങ്കി ഡി ജോംഗ്, ഏദൻ ഹസാഡ്, ലയണൽ മെസി, കൈലിയൻ എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ.
''ഈ പുരസ്കാരം ലോകത്തിന് നന്മകൾ സമ്മാനിക്കട്ടേയെന്ന് ആഗ്രഹിക്കുന്നു. എനിക്ക് ഈ പുരസ്കാരം ലഭിക്കുമെന്ന് കരുതിയതേയില്ല.''
മേഗൻ റാപ്പീനോ
''നാലുവർഷം മുമ്പുവരെയും ഈ അവാർഡ് വേദിയിൽ എത്തുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചിരുന്നില്ല.''
യൂർഗൻ ക്ളോപ്പ്