മലപ്പുറം: ഓണാഘോഷങ്ങൾ പൊടിപൊടിച്ചപ്പോൾ ജില്ലയിലെ കൺസ്യൂമർഫെഡ് നേടിയത് 12.81 കോടിയുടെ വിൽപ്പന. മലപ്പുറം കൺസ്യൂമർഫെഡ് മുഖേന ജില്ലയിലെ സഹകരണ സംഘങ്ങൾ നടത്തിയ 122 ഓണച്ചന്തകളിലൂടെയും 12 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് കൺസ്യൂമർഫെഡ് ഈ വിൽപ്പന കൈവരിച്ചത്. സബ്സിഡി സാധനങ്ങളുടെ വില്പന 10.15 കോടി രൂപയാണ്. 2.65 കോടി രൂപയുടെ നോൺ സബ്സിഡി സാധനങ്ങളും വിറ്റുപോയി.
ത്രിവേണികൾ മുഖേന സബ്സിഡി സാധനങ്ങളുടെ വില്പനയിൽ 77.04 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്. നോൺ സബ്സിഡി സാധനങ്ങളുടെ വില്പനയിൽ 78.11 ലക്ഷം രൂപയുടെ വില്പനയും നടന്നു. സഹകരണ സംഘങ്ങളുടെ വിപണിയിൽ സബ്സിഡി വില്പനയിൽ 9.38 കോടിയുടെ വില്പന നടന്നു. നോൺ സബ്സിഡി സാധനങ്ങളുടെ വില്പനയിൽ 1.87 കോടി രൂപയുടെ വില്പനയും നടന്നു.
മലപ്പുറം, മഞ്ചേരി, എടക്കര, വണ്ടൂർ, പുലാമന്തോൾ, പട്ടിക്കാട്, പരപ്പനങ്ങാടി, തിരൂർ, വളാഞ്ചേരി, മാറഞ്ചേരി, ചങ്ങരംകുളം, എടപ്പാൾ എന്നീ 12 ത്രിവേണി സൂപ്പർ മാർക്കറ്റുകളാണ് ഓണത്തോടനുബന്ധിച്ച് ഒരുങ്ങിയിരുന്നത്.
സബ്സിഡി സാധനങ്ങൾക്ക് പുറമെ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഓണച്ചന്തയിൽ എത്തിയിരുന്നു. ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്സിഡി നിരക്കിൽ ലഭ്യമായത്.
കേരളത്തിലെ വിവിധ സഹകരണ സംഘങ്ങൾ കേര കർഷകരിൽനിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തിയത്. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിച്ചിരുന്നു. അതോടൊപ്പം തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, ശർക്കര, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമായി.
ആകെ വില്പന - 12.81 കോടി
സബ്സിഡി സാധനങ്ങളുടെ വില്പന - 10.15 കോടി
നോൺ സബ്സിഡി സാധനങ്ങളുടെ വില്പന-2.65 കോടി
ത്രിവണിയിലൂടെ ലഭിച്ചത് - 1.55 കോടി
സഹകരണ സംഘങ്ങളിലൂടെ ലഭിച്ചത് - 11.26 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |